ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന അണ്ണാത്തെ. ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയാണ് അണ്ണാത്തെ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരുന്നു. ചിത്രം ഫെബ്രുവരിയില്‍ വീണ്ടും ചിത്രീകരണം തുടങ്ങുമെന്നാണ് പുതിയ വാര്‍ത്ത.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അണ്ണാത്തെയുടെ ചിത്രീകരണം വീണ്ടും തുടങ്ങാനാണ് ആലോചന. ചെന്നൈയില്‍ തന്നെ സിനിമയ്‍ക്കായി വലിയ സെറ്റ് ഉയര്‍ത്തും. ഇപ്പോഴത്തെ ആരോഗ്യ ബുദ്ധിമുട്ടുകളില്‍ രജനികാന്ത് ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് എത്തുന്നത് ഒഴിവാക്കാനാണ് ഇത്. അടുത്തിടെ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സെറ്റില്‍ ഉണ്ടായിരുന്ന ചിലര്‍ക്ക് കൊവിഡ് പൊസിറ്റീവാകുകയും ചെയ്‍തു. എന്നാല്‍ രജനികാന്ത് അടക്കമുള്ള മറ്റുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് ആയിരുന്നു.

രജനികാന്തിന്റെ അഭിനയം തന്നെയാകും അണ്ണാത്തെയുടെ പ്രധാന ആകര്‍ഷണം.

രാഷ്‍ട്രീയത്തില്‍ നിന്ന് പിൻമാറുന്നുവെന്ന് അറിയിച്ച രജനികാന്ത് തന്റെ ചിത്രം ഉടൻ പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. ഖുശ്‍ബു, നയൻതാര, മീന, കീര്‍ത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഏപ്രിലില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ ആലോചന.