രാഷ്‍ട്രീയ പ്രവേശനത്തിന് മുന്നേ ജ്യേഷ്‍ഠന്റെ അനുഗ്രഹം തേടി രജനികാന്ത്.

രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച് രജനികാന്ത് അടുത്തിടെ ഔദ്യോഗികമായി പ്രഖ്യപാനം നടത്തിയിരുന്നു. അടുത്ത വര്‍ഷം ആദ്യം പാര്‍ട്ടിയുടെ ലോഞ്ചിംഗ് നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. രജനികാന്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ജ്യേഷ്‍ഠനൊപ്പമുള്ള രജനികാന്തിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ജ്യേഷ്‍ഠൻ സത്യനാരായണ റാവുവിനെ കാണാൻ രജനികാന്ത് ബംഗ്ലരുവില്‍ എത്തുകയായിരുന്നു. ജ്യേഷ്‍ഠന്റെ അനുഗ്രഹം വാങ്ങിക്കാനെത്തിയതാണ് രജനികാന്ത്.

ജ്യേഷ്‍ഠനൊപ്പം രജനികാന്ത് കുറച് സമയം ചെലവിട്ടു. രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച് ജ്യേഷ്‍ഠനെ കാര്യങ്ങള്‍ ധരിപ്പിച്ചു. രജനികാന്ത് എത്തിയത് അറിഞ്ഞ് ഒട്ടേറെ ആരാധകര്‍ ബംഗ്ലരുവിലെ വസതിയില്‍ വന്നു. ആദ്ധ്യാത്‍മിക രാഷ്‍ട്രീയമായിരിക്കും താൻ മുന്നോട്ടുവയ്‍ക്കുന്നത് എന്നാണ് രജനികാന്ത് പറഞ്ഞത്. പാര്‍ട്ടിയുടെ പേര് എന്തെന്ന് പ്രഖ്യാപിച്ചിട്ടില്ല. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന സിനിമയാണ് രജനികാന്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം.

മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയില്‍ പുനരാരംഭിക്കും.