അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. ഹുസൈന്റെ അപ്പീൽ അനുവദിച്ച കോടതി, മരയ്ക്കാർ അടക്കമുള്ള മറ്റ് പ്രതികളുടെ അപ്പീലുകൾ തള്ളിക്കളഞ്ഞു. ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ അപ്പീലിലും കോടതി തീരുമാനം അറിയിക്കും.

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്. ഹുസൈന്റെ അപ്പീൽ കോടതി അനുവദിച്ചു. അതേസമയം, മരയ്ക്കാർ അടക്കം മറ്റ് പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളുകളും ചെയ്തു. കീഴ്ക്കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ വർധിപ്പിക്കണമെന്നും പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും അപ്പീല്‍ നല്‍കിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും. ഐപിസി 304, പാർട്ട്‌ 2 മനപ്പൂർവം അല്ലാത്ത നരഹത്യ ഐപിസി 143 ആയിരുന്നു ഹുസൈനെതിരെ ചുമത്തിയത്. രണ്ടും നിൽക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. 24 സാക്ഷികള്‍ കൂറുമാറിയ കേസായിരുന്നു ഇത്. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചപ്പോൾ ഒന്നാം പ്രതി ഹുസൈൻ മധുവിന്റെ നെഞ്ചിലേക്ക് ചവിട്ടിയെന്നും മധു സമീപത്തുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീണെന്നും ഇതാണ് മരണകാരണമെന്നുമായിരുന്നു പ്രൊസിക്യൂഷന്‍റെ വാദം. 

Add Asianetnews as a Preferred SourcegooglePreferred

മധുവിനെ അവസാനമായി ചവിട്ടിയത് ഹുസൈനാണെന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ദൃശ്യങ്ങൾ അധികരിച്ചായിരുന്നു പ്രൊസിക്യൂഷന്റെ വാദം. എന്നാൽ, താൻ മധുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും സ്ഥലത്തുണ്ടായിരിക്കുക മാത്രമായിരുന്നെന്നുമായിരുന്നു ഹുസൈന്റെ വാദം. ദൃശ്യങ്ങൾ പകർത്തിയ നാലാം പ്രതിയായിരുന്നു അനീഷ്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച 11-ാം പ്രതിയെ വെറുതെ വിട്ട വിചാരണക്കോടതി വിധിയും ഹൈക്കോടതി അം​ഗീകരിച്ചു. അതേസമയം, പതിനാറാം പ്രതിയുടെ ശിക്ഷ വിധി ഉയര്‍ത്തി. ഇയാളെ 3 മാസം മാത്രമാണ് ശിക്ഷിച്ചത്. വിരുത്തിയിൽ മുനീർ ആയിരുന്നു പതിനാറാം പ്രതി. പ്രകോപനം ഇല്ലാതെ മർദ്ദിച്ചു എന്നതായിരുന്നു കുറ്റം.

ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം. 2018 ഫെബ്രുവരി 22 നായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി 13 പ്രതികൾക്ക് 7 വർഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. 16-ാം പ്രതിക്ക് 3 മാസം തടവും 500 രൂപ പിഴയും ശിക്ഷ നൽകി. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദു‌ൽ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. ശിക്ഷിക്കപ്പെട്ടവരിൽ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കാട്ടിൽ നിന്നു പിടിച്ചുകൊണ്ടു വന്നവരുടെ കൂട്ടത്തിൽ ഹുസൈൻ ഇല്ലായിരുന്നു എന്ന കാരണത്താലാണു ജാമ്യം അനുവദിച്ചത്.

മറ്റു പ്രതികളുടെ ശിക്ഷ തടയണം എന്ന ആവശ്യം അനുവദിച്ചിരുന്നില്ല. മണ്ണാർക്കാട് സ്പെഷൽ കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലും ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ അമ്മ മല്ലിയും നൽകിയ അപ്പീലുകളുമാണു കോടതി പരിഗണിക്കുന്നത്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരും കേസിൽ വിട്ടയക്കപ്പെട്ട ഒരു ഉൾപ്പടെ 16 പ്രതികളും ഇന്ന് ഹാജരാകണമെന്ന് കോടതി ഉത്തരവുണ്ട്.