രജനികാന്തിന്റെ സ്‍നേഹനിര്‍ഭരമായ ആശംസകള്‍ക്ക് മറുപടിയുമായി അമിതാഭ് ബച്ചൻ.
ഇന്ത്യൻ ഇതിഹാസ താരം അമിതാഭ് ബച്ചന്റെ ജന്മദിനമാണ് ഇന്ന്. എണ്‍പതാം പിറന്നാളാണ് അമിതാഭ് ബച്ചൻ ഇന്ന് ആഘോഷിക്കുന്നത്. എപ്പോഴും പ്രചോദിപ്പിച്ച ഒരാള്‍ എന്ന് വിശേഷിപ്പിച്ചാണ് രജനികാന്ത് ജന്മദിന ആശംസകള്‍ നേര്‍ന്നത്. ഇപ്പോഴിതാ രജനികാന്തിന്റെ ആശംസകള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.
സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു രജനികാന്ത് അമിതാഭ് ബച്ചന് ആശംസകള്‍ അറിയിച്ചത്. ഇതിഹാസം.. എന്നെ എപ്പോഴും പ്രചോദിപ്പിച്ച ആള്‍. മഹത്തായ നമ്മുടെ ഇന്ത്യൻ ചലച്ചിത്ര സമൂഹത്തിന്റെ യഥാര്‍ഥ സൂപ്പര്‍ ഹീറോയും ആവേശവുമായ അമിതാഭ് ബച്ചൻ എണ്‍പതില്‍ പ്രവേശിക്കുന്നു. ജന്മദിന ആശംസകള്‍ പ്രിയപ്പെട്ട അമിതാഭ് ജി. ഒരുപാട് സ്നേഹത്തോടെ എന്നുമാണ് അമിതാഭ് ബച്ചൻ എഴുതിയത്. ഹൃദയത്തിന്റെ ചിഹ്‍നവും രജനികാന്ത് ചേര്‍ത്തിരുന്നു.
രജനികാന്തിന്റെ ആശംസകള്‍ക്ക് അതേ തീവ്രതയോടെ അമിതാഭ് ബച്ചൻ നന്ദി പറഞ്ഞു. രജനി സര്‍, നിങ്ങള്‍ എനിക്ക് ഒരുപാട് അംഗീകാരം തരുന്നു. താങ്കളുടെ മഹത്വവുമായി എനിക്ക് ഒരിക്കലും എന്നെ താരതമ്യം ചെയ്യാനാകില്ല. വെറുമൊരു സഹപ്രവര്‍ത്തകൻ മാത്രമല്ല താങ്കള്‍, ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമാണ് എന്നായിരുന്നു അമിതാഭ് ബച്ചന്റെ മറുപടി.
'ഗുഡ്‍ബൈ' എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. രശ്‍മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും 'ഗുഡ്‍ബൈ'ക്കുണ്ട്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന്റെ തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. 'ചില്ലര്‍ പാര്‍ട്ടി'യും 'ക്വീനു'മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വികാസിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. നീന ഗുപ്‍ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി സുധാകര്‍ റെഡ്ഡി യക്കന്തിയാണ്. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ചിത്രത്തിലെ ഗാനം റിലീസിനു മുന്നേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read More: 'പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചൻ', ആശംസകളുമായി മോഹൻലാല്‍
