കൃഷാന്ത് സംവിധാനം ചെയ്യുന്ന 'മസ്തിഷ്ക മരണം' എന്ന ചിത്രത്തിലെ 'കോമള താമര' ഗാനം ശ്രദ്ധ നേടുന്നു. 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത്‌ ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ് മസ്തിഷ്ക മരണം

കൃഷാന്ത്‌ സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം റിലീസിനൊരുങ്ങുകയാണ്. സൈബർപങ്ക് ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിലെ 'കോമള താമര' എന്ന ഗാനം ഇതിനോടകം വൈറലാണ്. രജിഷ വിജയൻ ബോൾഡ് ലുക്കിലാണ് ഗാനത്തിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗാനത്തിന്റെ വീഡിയോയും പുറത്തിറക്കിയിരുന്നു. രജിഷ വിജയൻ ഇതുവരെ കാണാത്ത ബോൾഡ് ലുക്കിലാണ് ഈ പാട്ടിലെത്തിയിരിക്കുന്നത്. വർക്കി സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്.

എന്നാൽ ഗാനം വൈറലായതോടെ 'ഐറ്റം ഡാൻസ്' ചെയ്യില്ല എന്ന രജിഷ വിജയന്റെ മുൻ നിലപാടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വർഷങ്ങങ്ങൾക്ക് മുൻപ് രജിഷ ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്. ഇപ്പോഴിതാ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് രജിഷ വിജയൻ. ഒരു സമയത്ത് പറഞ്ഞ കാര്യം പിന്നീട് പറയുമ്പോൾ ആളുകൾക്ക് സംശയം തോന്നുമെന്നും, കൃഷാന്ത്‌ തന്നെ ഇത് ചെയ്യാൻ കൺവിൻസ്‌ ചെയ്തുവെന്നും, അങ്ങനെ ചെയ്യാനുള്ള കാരണം മസ്തിഷ്ക മരണം കണ്ടാൽ പ്രേക്ഷകർക്ക് മനസിലാവുമെന്നും രജിഷ കൂട്ടിച്ചേർത്തു.

"ആളുകളെ ഞാൻ കുറ്റം പറയില്ല, ഒരു സമയത്ത് ഒരു കാര്യം പറഞ്ഞിട്ട് പിന്നീടത് മാറ്റുമ്പോൾ അവർക്ക് സംശയം തോന്നും. സ്വാഭാവികമാണത്. മനുഷ്യർ എപ്പോഴും മാറിക്കൊണ്ടിരിക്കും. സംവിധായകൻ കൃഷാന്ത് എന്നെ ഇത് ചെയ്യാൻ കൺവിൻസ് ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് മസ്‌തിഷ്‌ക മരണം കണ്ടാൽ മനസിലാകും. ഞാൻ അന്ന് പറഞ്ഞത് മറന്നിട്ടില്ല. പക്ഷേ ഇതിന് തക്കതായ കാരണമുണ്ട്." രജിഷ വിജയൻ പറയുന്നു. ദി ഫോർത്ത് വാൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രജിഷയുടെ പ്രതികരണം.

പ്രതീക്ഷയേകി ‘മസ്തിഷ്ക മരണം’

അതേസമയം 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ത്‌ ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ് മസ്തിഷ്ക മരണം. രജിഷ വിജയൻ, നിരഞന്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, സഞ്ജു ശിവറാം, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, സിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ത്‌, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ

YouTube video player