ലോക്ക് ഡൗണ്‍ കാലം താന്‍ എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് മത്സരാര്‍ഥി ആയിരുന്ന രജിത് കുമാര്‍. വീട്ടില്‍ ഇങ്ങനെ ഇരിക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നാത്തയാളാണ് താനെന്നും ജീവിതത്തില്‍ ഒറ്റപ്പെടലിന്‍റെ അനുഭവം ഒരുപാടുള്ള ആളാണ് താനെന്നും രജിത് കുമാര്‍ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് രജിത് കുമാര്‍ ബിഗ് ബോസിന് ശേഷമുള്ള ലോക്ക് ഡൗണ്‍ അനുഭവത്തെക്കുറിച്ച് പറയുന്നത്.

"ലോക്ക് ഡൗണ്‍ അവസ്ഥയില്‍ പ്രയാസം തോന്നുന്നത് ദിവസ വരുമാനക്കാരുടെ കാര്യം ഓര്‍ത്താണ്. താമസിയാതെ ഈ അവസ്ഥയില്‍ നിന്നും നമ്മള്‍ മുക്തരാവും എന്നുതന്നെ വിശ്വസിക്കുന്നു. മാര്‍ച്ച് 15നാണ് ബിഗ് ബോസ് ഹൌസില്‍ നിന്നു പുറത്തിറങ്ങുന്നത്. ഇപ്പോള്‍ മുപ്പത്തിയഞ്ചോളം ദിവസമായി", ഈ ദിവസങ്ങളില്‍ തേടിയെത്തിയ ഒട്ടേറെ ഫോണ്‍ കോളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കിയെന്നും രജിത് കുമാര്‍ പറയുന്നു.

"ദിവസേന അറുനൂറ് ഫോണ്‍ കോളുകള്‍ എങ്കിലും വരാറുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 15000 കോളുകള്‍ എങ്കിലും വന്നിട്ടുണ്ടാവും. അതില്‍ 10000 എങ്കിലും അറ്റന്‍ഡ് ചെയ്‍തിട്ടുണ്ടാവും. ഒരു മിനിറ്റ് എങ്കിലും സംസാരിച്ചിട്ടുണ്ടാവും. വാട്‍സ്ആപില്‍ ആയിരക്കണക്കിന് മെസേജുകളും വരാറുണ്ട്. ലോക്ക് ഡൌണ്‍ ആയിരുന്നില്ലെങ്കില്‍ ഇത് സാധിക്കുമായിരുന്നില്ല. ജോലിത്തിരക്കില്‍ ആയിരിക്കുമായിരുന്നു." ലോക്ക് ഡൗണ്‍ കാലം വായനയ്ക്കും എഴുത്തിനുമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും രജിത് കുമാര്‍ പറയുന്നു.