'നിങ്ങളുടെ അച്ഛനെയോര്‍ത്ത് ലജ്ജിക്കുന്നു'- യുവനടന്‍ രജിത്ത് മേനോനെ ഇന്നലെ തേടിയെത്തിയ നിരവധി സന്ദേശങ്ങളില്‍ ഇങ്ങനെ ഉണ്ടായിരുന്നു. പാലക്കാട് മെഡിക്കല്‍ കോളെജ് വേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവം വലിയ ചര്‍ച്ചയായതിന് ശേഷമായിരുന്നു ഇത്. സംഭവവുമായി ഒരു ബന്ധവുമില്ലാത്ത രജിത്തിനെ തേടി ഇത്തരത്തില്‍ സന്ദേശങ്ങളെത്താന്‍ കാരണമുണ്ടായിരുന്നു. ബിനീഷ് പറഞ്ഞത് പ്രകാരം ആരോപണവിധേയനായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ അതേ പേരാണ് ഗൂഗിളിലും വിക്കിപീഡിയയിലും രജിത്തിന്റെ അച്ഛന്റെ പേരായി ഉണ്ടായിരുന്നത്. നിരവധി സന്ദേശങ്ങള്‍ എത്തിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രജിത്ത് ഇക്കാര്യം തിരിച്ചറിയുന്നത്. തുടര്‍ന്ന് തന്റെ അച്ഛന്റെ പേര് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്നല്ലെന്നും രവി മേനോന്‍ എന്നാണെന്നുമുള്ള വിശദീകരണവുമായി രജിത്ത് സോഷ്യല്‍ മീഡിയയില്‍ എത്തി.

'സുഹൃത്തുക്കളെ, 'നിങ്ങളുടെ അച്ഛനെയോര്‍ത്ത് ലജ്ജിക്കുന്നു'വെന്ന് ഇന്നലെ മുതല്‍ എനിക്ക് മെസേജുകള്‍ അയച്ചുകൊണ്ടിരിക്കുന്നവര്‍ക്കുള്ള വിശദീകരണാണ് ഇത്. ഗൂഗിളോ വിക്കിപീഡിയയോ പറയുന്നത് പ്രകാരം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്നല്ല എന്റെ അച്ഛന്റെ പേര്, മറിച്ച് രവി മേനോന്‍ എന്നാണ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ അറിയാമെന്നല്ലാതെ അനില്‍ സാറുമായി നേരിട്ട് ഒരു ബന്ധവും എനിക്കില്ല. ഒന്നോ രണ്ടോ തവണ മാത്രമാണ് നേരിട്ട് കണ്ടിട്ടുള്ളത്. യഥാര്‍ഥ വസ്തുത അറിഞ്ഞിട്ട് മാത്രമേ എന്തെങ്കിലും പോസ്റ്റ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ പാടുള്ളൂവെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഗൂഗിളിലും വിക്കിപീഡിയയിലുമുള്ള ഈ പിശക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.  സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയിലും ആ പരിപാടിയില്‍ അവര്‍ക്കിടയില്‍ നടന്ന സംഭവങ്ങളില്‍ എനിക്ക് ദു:ഖമുണ്ട്, രജിത്ത് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.