രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് രാജ്‍കുമാര്‍ റാവു. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം വരെ നേടിയ നടൻ. രാജ്‍കുമാര്‍ റാവുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രാജ്‍കുമാര്‍ റാവു തന്നെ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികളെ സൂചിപ്പിക്കുന്നത് ആണ് രാജ്‍കുമാര്‍ ഷെയര്‍ ചെയ്‍ത ഫോട്ടോ. സിനിമയില്‍ വീണ്ടും അഭിനയിക്കാൻ കാത്തിരിക്കുന്നുവെന്നാണ് രാജ്‍കുമാര്‍ റാവു പറയുന്നത്.

കണ്ണാടിയില്‍ തന്റെ പ്രതിഫലനം കാണുന്ന ഫോട്ടോയാണ് രാജ്‍കുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഞാനും എന്റെ പ്രതിഫലനവും, എന്റെ സംവിധായകര്‍ ആക്ഷൻ പറയാനായി കാത്തിരിക്കുന്നുവെന്നാണ് രാജ്‍കുമാര്‍ റാവു ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് രാജ്‍കുമാറിന്റെ ഫോട്ടോകള്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. കാത്തിരിക്കുന്നു ആക്ഷൻ പറയാനായി എന്നാണ് സംവിധായിക ഫറാ ഖാൻ പറയുന്നത്. കൊവിഡ് 19 രോഗത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയിലാണ് എല്ലാവരുടെയും ജീവിതം. സിനിമ ചിത്രീകരണങ്ങള്‍ ചിലയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ലുഡോയാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.