അണിയറക്കാരുടെ പരിശ്രമം വിഫലമാക്കാത്ത ചിത്രം

വലിയ ബജറ്റോ താരപ്രഭയോ ഇല്ലാതെ എത്തുന്ന ചില ചിത്രങ്ങള്‍ അതിന്‍റെ ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടുമൊക്കെ വിസ്മയിപ്പിക്കാറുണ്ട്. പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിക്കപ്പെട്ട ഒട്ടനവധി സിനിമകള്‍ പല കാലങ്ങളിലായി ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രീതി നേടിയിട്ടുണ്ട്. അത്തരത്തിലൊരു ചിത്രമായിരുന്നു ഹന്‍സല്‍ മെഹ്തയുടെ സംവിധാനത്തില്‍ 2012 ല്‍ പുറത്തെത്തിയ ബോളിവുഡ് ചിത്രം ഷഹീദ്. അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഷഹീദ് അസ്മിയുടെ ജീവിതം പറയുന്ന ബയോഗ്രഫിക്കല്‍ ഡ്രാമ ചിത്രമായിരുന്നു ഇത്.

രാജ്‍കുമാര്‍ റാവു എന്ന നടന്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഷഹീദ്. എന്നാല്‍ 2010 ല്‍ സിനിമയില്‍ അരങ്ങേറിയ രാജ്‍കുമാര്‍ റാവുവിന് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണ ആലോചനകള്‍ നടക്കുന്ന സമയത്ത് താരമൂല്യം ഉണ്ടായിരുന്നില്ല. വെറും 65 ലക്ഷമായിരുന്നു സിനിമയുടെ ബജറ്റ്. ഒരു ബോളിവുഡ് ചിത്രത്തിന്‍റെ ബജറ്റ് ആണ് ഇതെന്ന് ഓര്‍ക്കണം. 32 ദിവസത്തെ ചിത്രീകരണമാണ് ഹന്‍സല്‍ മെഹ്തയും സംഘവും പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ആ 32 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കാനെടുത്ത സമയം ഒന്നര വര്‍ഷമായിരുന്നു. എന്നാല്‍ മുഴുവന്‍ ടീമും സംവിധായകനും നിര്‍മ്മാതാവിനുമൊപ്പം നിന്നു.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പുതിയൊരു അഭിമുഖത്തില്‍ ഹന്‍സല്‍ മെഹ്തയുടെ മകന്‍ ജയ് മെഹ്ത ഈ ചിത്രത്തിന് പിന്നിലെ കഷ്ടപ്പാടിനെക്കുറിച്ച് മനസ് തുറക്കുന്നുണ്ട്. ചിത്രത്തിന്‍റഎ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഫസ്റ്റ് അസിസ്റ്റന്‍ഢ് ഡയറക്ടറുമായിരുന്നു ജയ്. ബുസാന്‍, ടൊറന്‍റോ അടക്കമുള്ള അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ കൈയടി നേടിയപ്പോഴും ചിത്രം വാങ്ങാന്‍ ആളെ കിട്ടുന്നുണ്ടായിരുന്നില്ലെന്ന് ജയ് മെഹ്ത പറയുന്നു. ഒരു ഇടവേള കഴിഞ്ഞാണ് മുംബൈ ഫിലിം ഫെസ്റ്റിവല്‍ വരുന്നത്. സിദ്ധാര്‍ഥ് റോയ് കപൂറും റോണി സ്ക്രൂവാലയും അവിടെവച്ചാണ് സിനിമ കാണുന്നത്. അവര്‍ പിന്നീട് ചിത്രം ഏറ്റെടുക്കുകയും ചെയ്തു. 

ടൊറന്‍റോ ചലച്ചിത്ര മേളയില്‍ 2012 സെപ്റ്റംബര്‍ 6 ന് പ്രീമിയര്‍ ചെയ്ത സിനിമയുടെ ഇന്ത്യയിലെ തിയറ്റര്‍ റിലീസ് 2013 ഒക്ടോബര്‍ 18 ന് ആയിരുന്നു. യുടിവി മോഷന്‍ പിക്ചേഴ്സ് ആയിരുന്നു വിതരണം. 65 ലക്ഷം ബജറ്റിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്. ബോക്സ് ഓഫീസില്‍ നിന്ന് 3.70 കോടി നേടാനും സാധിച്ചു ചിത്രത്തിന്. രാജ്‍കുമാര്‍ റാവുവിന് മികച്ച നടനെന്ന പേര് മാത്രമല്ല അവാര്‍ഡുകളും ചിത്രം നേടിക്കൊടുത്തു. 61-ാമത് ദേശീയ അവാര്‍ഡില്‍ രാജ്‍കുമാര്‍ റാവുവിന് മികച്ച നടനുള്ള പുരസ്കാരവും ഹന്‍സല്‍ മെഹ്തയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും ചിത്രം നേടിക്കൊടുത്തു. ദേശീയയും അന്തര്‍ദേശീയവുമായ ചലച്ചിത്രോത്സവങ്ങളിലും ചിത്രം പുരസ്കാരങ്ങള്‍ നേടി. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം ലഭ്യമാണ്. 

ALSO READ : അരിസ്റ്റോ സുരേഷ് നായകന്‍; 'മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ' സെക്കന്‍ഡ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം