വ്യവസായി ശ്രീകാന്ത് ബൊള്ളയായി അഭിനയിക്കാൻ രാജ്‍കുമാര്‍.


വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ (Srikanth Bolla)ജീവിതം സിനിമയാകുന്നു. രാജ്‍കുമാര്‍ റാവു (Rajkummar Rao)ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീകാന്ത് ബൊള്ളയായി ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് രാജ്‍കുമാര്‍ റാവു പറയുന്നു. തുഷാര്‍ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. 2022 ജൂലൈ 22ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരൻ തന്റെ കഠിനപ്രയത്‍നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്‍ണ ജില്ലയില്‍ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്.

അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ശ്രീകാന്ത് ബൊള്ള നാട്ടിലെത്തി വ്യവസായം തുടങ്ങുകയായിരുന്നു. കടലാസും കവുങ്ങിൻ പാളയും ഉപയോഗിച്ചുള്ള പ്ലേറ്റുകളും കപ്പുകളും മറ്റ് പരിസ്ഥിതി സൗഹൃദ ഉത്‍പന്നങ്ങളുടെയും നിര്‍മാണമായിരുന്നു തുടങ്ങിയത്. 'ബൊള്ളന്റ് ഇൻഡസ്‍ട്രീസ്' എന്ന ഒരു കമ്പനി ശ്രീകാന്ത് ബൊള്ള 2012ല്‍ സ്ഥാപിച്ചു. തിരുമല- തിരുപ്പതി ദേവസ്ഥാനമടക്കം ശ്രീകാന്ത് ബൊള്ളയുടെ ഉത്‍പന്നങ്ങള്‍ വാങ്ങി.

ടാറ്റാ ഗ്രൂപ്പ് മുൻ ചെയര്‍മാൻ രത്തൻ ടാറ്റാ മൂലധനം നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രീകാന്ത് ബൊള്ള വിസ്‍മയകരമായ വളര്‍ച്ചയാണ് വ്യവസായ രംഗത്ത് സ്വന്തമാക്കിയത്. ശ്രീകാന്ത് ബൊള്ളയുടെ ജീവിതം ഒരു പ്രചോദനമാണ്. ആരൊക്കെയായിരിക്കും രാജ്‍കുമാര്‍ റാവുവിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.