2021 ഫെബ്രുവരിയിലാണ് രാം ചരണും ഷങ്കറും ചേര്‍ന്ന് ഈ ചിത്രം പ്രഖ്യാപിച്ചത്

തമിഴ് സിനിമയില്‍ ബിഗ് സ്ക്രീന്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. ഒന്നോ രണ്ടോ വട്ടമല്ല, പല തവണ. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസറും ഷങ്കറിന്‍റെ പേരിലാണ്. രജനികാന്തിനെ നായകനാക്കി 2018 ല്‍ പുറത്തിറക്കിയ 2.0 ആണ് ആ ചിത്രം. അതിന് ശേഷം അദ്ദേഹം ചിത്രങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ ഒരേസമയം രണ്ട് ചിത്രങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം. തമിഴില്‍ ഇന്ത്യന്‍ രണ്ടും തെലുങ്കില്‍ ഗെയിം ചേഞ്ചറും. ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസനാണ് നായകനെങ്കില്‍ ഗെയിം ചേഞ്ചറില്‍ നായകനാവുന്നത് രാം ചരണ്‍ ആണ്. ഇപ്പോഴിതാ ഗെയിം ചേഞ്ചര്‍ വൈകുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാം ചരണ്‍ ആരാധകര്‍.

2021 ഫെബ്രുവരിയിലാണ് രാം ചരണും ഷങ്കറും ചേര്‍ന്ന് ഈ ചിത്രം പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തിന് ഇപ്പുറം ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റുകളോ റിലീസ് തീയതി സംബന്ധിച്ച അറിയിപ്പുകളോ ഒന്നും വരാത്തതാണ് രാം ചരണ്‍ ആരാധകരെ പ്രകോപിപ്പിക്കുന്നത്. തങ്ങളുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെ രേഖപ്പെടുത്തി നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. ഉത്തരവാദിത്തമില്ലാത്ത സംവിധായകനെന്നും ശ്രദ്ധയില്ലാത്ത സംവിധായകനെന്നുമൊക്കെയാണ് പോസ്റ്റുകളിലെ വിശേഷണങ്ങള്‍. 

Scroll to load tweet…
Scroll to load tweet…

എന്നാല്‍ പ്രോജക്റ്റ് വൈകുന്നതില്‍ ഷങ്കറിനെതിരായ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതല്ല. നേരത്തെ ഇത്തരം വിമര്‍ശനങ്ങളെ തണുപ്പിച്ചിരുന്നത് നിര്‍മ്മാതാവ് ദില്‍ രാജു ആയിരുന്നു. ഷങ്കര്‍, രാജൗലി, സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിയ സംവിധായകര്‍ പെര്‍ഫെക്ഷണിസ്റ്റുകള്‍ ആണെന്നും ചിത്രീകരണത്തിന് അവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം വൈകിയാലും ഷങ്കര്‍ തങ്ങളെ നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് രാം ചരണ്‍ ആരാധകര്‍. പൂര്‍ത്തിയായിട്ടില്ലാത്ത ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത് സീ 5 ആണെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വന്‍ തുകയുമാണ് സീ 5 ഇതിനായി മുടക്കിയിരിക്കുന്നത്. 250 കോടിയാണ് ഇതെന്നാണ് ഇന്ത്യ ടൈംസിന്‍റെ റിപ്പോര്‍ട്ട്. എല്ലാ ഭാഷാപതിപ്പുകളും ചേര്‍ത്താണ് ഇത്. 

ALSO READ : അപൂര്‍വ്വ നേട്ടം! നാലാം വാരത്തിലെ സ്ക്രീന്‍ കൗണ്ട് പ്രഖ്യാപിച്ച് 'ഓസ്‍ലര്‍' നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം