ബോളിവുഡിലെ മുന്‍നിര സംവിധായകനെന്ന പട്ടം രാം ഗോപാല്‍ വര്‍മ്മയ്ക്ക് ഇപ്പോഴില്ല. എന്നാല്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് അത് അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നുമില്ല. ലോക്ക് ഡൗണ്‍ കാലത്ത് ഭൂരിഭാഗം സിനിമാപ്രവര്‍ത്തകരും അരക്ഷിതാവസ്ഥ നേരിടുമ്പോള്‍ സിനിമകള്‍ ചെയ്‍ത് അവ സ്വന്തം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്‍തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. അവ ഗൗരവപൂര്‍വ്വം സിനിമയെ പരിഗണിക്കുന്ന പലരും ശ്രദ്ധിക്കുന്നില്ലെങ്കിലും വാര്‍ത്തയാവുന്നുണ്ട്. ഒരു മാസത്തിനിടെ എട്ടു സിനിമകളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അതില്‍ രണ്ടെണ്ണം പ്രദര്‍ശനത്തിന് എത്തുകയും ചെയ്‍തിരുന്നു. ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ച 'പവര്‍ സ്റ്റാര്‍' എന്ന തെലുങ്ക് ചിത്രം ഫസ്റ്റ് ലുക്ക് മുതലേ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയും പിന്നാലെ വിവാദവും സൃഷ്ടിച്ചിരുന്നു. നടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിനെ പരിഹസിക്കാനാണ് പുതിയ ചിത്രത്തിലൂടെ രാമു ശ്രമിക്കുന്നതെന്നാണ് താരത്തിന്‍റെ ആരാധകരുടെ വിശ്വാസം. രാം ഗോപാല്‍ വര്‍മ്മ ഈ ആരോപണത്തെ തള്ളിക്കളയുമ്പോഴും പവന്‍ കല്യാണ്‍ ആരാധകര്‍ അങ്ങനെയാണ് കരുതുന്നത്. സിനിമയുടെ പുതിയ പബ്ലിസിറ്റി മെറ്റീരിയലുകളൊക്കെ അതാണ് തെളിയിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

രണ്ട് ദിവസം പുറത്തെത്തിയ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ യുട്യൂബ് ലിങ്കിനു താഴെ പവന്‍ കല്യാണ്‍ ആരാധകരും അല്ലാത്ത പ്രേക്ഷകരും തമ്മില്‍ ഒരു യുദ്ധം തന്നെ നടന്നിരുന്നു. ഈ വീഡിയോയ്ക്ക് 78,000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ ഡിസ്‍ലൈക്കുകളുടെ എണ്ണം 63,000 ആയിരുന്നു. ഇതുവരെ ലഭിച്ച കാഴ്‍ചകള്‍ 18.7 ലക്ഷവും. എന്തായാലും ഈ പ്രോജക്ടിനു ലഭിക്കുന്ന പ്രേക്ഷകശ്രദ്ധ വരുമാനമാക്കാനുള്ള തീരുമാനത്തിലാണ് രാം ഗോപാല്‍ വര്‍മ്മ. അതുപ്രകാരം നാളെ പുറത്തെത്തുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിന് പെയ്‍ഡ് വ്യൂ ആയിരിക്കും. ഇതുപ്രകാരം ട്രെയ്‍ലര്‍ വീഡിയോയുടെ ഒരു കാഴ്‍ചയ്ക്ക് പ്രേക്ഷകന്‍ 25 രൂപ നല്‍കേണ്ടിവരും. 'ലോകത്തിലെ ആദ്യത്തെ പെയ്‍ഡ് ട്രെയ്‍ലര്‍' എന്നാണ് സമൂഹമാധ്യമങ്ങളില്‍ രാം ഗോപാല്‍ വര്‍മ്മ തന്നെ നല്‍കിയിരിക്കുന്ന വിശേഷണം.

ആര്‍ജിവി വേള്‍ഡ് തീയേറ്റര്‍ എന്ന സ്വന്തം ആപ്പ് വഴിയാണ് രാം ഗോപാല്‍ വര്‍മ്മ ഇപ്പോള്‍ സ്വന്തം സിനിമകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അഡള്‍ഡ്ഡ് മൂവി സ്റ്റാര്‍ മിയ മള്‍കോവ അഭിനയിച്ച ക്ലൈമാക്സ് എന്ന ചിത്രത്തിന് 100 രൂപയായിരുന്നു ഈടാക്കിയതെങ്കില്‍ പിന്നാലെ എത്തിയ 'നേക്കഡി'ന് 200 രൂപയും ഈടാക്കി. ട്രെയ്‍ലറിന് തുക ഈടാക്കാന്‍ തീരുമാനിച്ചതിനു ശേഷം സംവിധായകന്‍ രാജമൗലിയെയും സമാന മാതൃക പിന്തുടരാന്‍ ഉപദേശിക്കുന്നുണ്ട് രാം ഗോപാല്‍ വര്‍മ്മ. വലിയ കാത്തിരിപ്പുള്ള രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ട്രെയ്‍ലറിന് നൂറ്റന്‍പതോ ഇരുനൂറോ ഈടാക്കിയാല്‍ അത് കാണാന്‍ ആളുണ്ടാവുമെന്നും സിനിമ ഇറങ്ങുംമുന്‍പു തന്നെ നിര്‍മ്മാതാവ് ലാഭം നേടുമെന്നുമാണ് രാമുവിന്‍റെ ഉപദേശം!