ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും.
ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ ശ്രദ്ധനേടിയ ആളാണ് ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷ്. പിന്നീട് തുടർച്ചയായി രാം ഗോപാൽ ആരാധ്യയുടെ ഫോട്ടോകൾ പങ്കിട്ടതോടെ ട്രോളുകളും വിമർശനങ്ങളും ഉയരുകയും ചെയ്തിരുന്നു. നിലവിൽ രാം ഗോപാൽ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിലൂടെ ആരാധ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രം ഫെബ്രുവരി 28ന് തിയറ്ററുകളിൽ എത്തും.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി സാരി ടീം കേരളത്തിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാരി ലുക്കിൽ വൻ ഗ്ലാമറസായി ആരാധ്യ ദേവി എത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം വിമർശന കമന്റുകളും വന്നെങ്കിലും ഇവയോട് ആരാധ്യ പ്രതികരിച്ചിരുന്നില്ല.

ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത ട്രെയിലറും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടു. വൻ ഗ്ലാമറസ് ലുക്കിലാണ് ആരാധ്യ ഇവയിൽ എല്ലാം പ്രത്യക്ഷപ്പെട്ടത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്.

നടൻ സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുടെ അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് “സാരി” എന്ന ചിത്രം പറയുന്നത്.

അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്. ശബരിയാണ് ഫോട്ടോഗ്രാഫി. എഡിറ്റിംഗ് ഗിരി കൃഷ്ണ കമല്‍, പെരമ്പള്ളി രാജേഷ്, പശ്ചാത്തല സംഗീതം ആനന്ദ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തുക.


