ദൃശ്യത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രമാണ് റാം. വിദേശത്തും ഷൂട്ടിംഗ് പ്ലാന്‍ ചെയ്‍തിരുന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയാണ് കൊറോണയുടെ വ്യാപനവും പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപനവും. കുറച്ചു ദിവസങ്ങള്‍ ആവശ്യമുള്ള ഇന്ത്യന്‍ ഷെഡ്യൂളിനു ശേഷം ലണ്ടന്‍, ഉസ്ബെക്കിസ്ഥാന്‍ ഷെഡ്യൂളുകളാണ് ചിത്രത്തിന് ആവശ്യമുള്ളത്. എന്നാല്‍ കൊവഡിന്‍റെ പശ്ചാത്തലത്തില്‍ വിദേശ ചിത്രീകരണം ഇനി എന്ന് സാധ്യമാകുമെന്ന് ഉറപ്പില്ലാത്തതിനാല്‍ റാം പൂര്‍ത്തിയാക്കും മുന്‍പ് താന്‍ മറ്റൊരു ചിത്രം ചെയ്തേക്കുമെന്ന് ജീത്തു ജോസഫ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജീത്തു മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലാണ് സിനിമാപ്രേമികളില്‍ ചിലര്‍ ഈ വാക്കുകള്‍ എടുത്തത്. ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. തന്‍റെ പ്രസ്താവനയ്ക്ക് റാം ഉപേക്ഷിച്ചു എന്ന് അര്‍ഥമേയില്ലെന്നു പറയുന്നു ജീത്തു ജോസഫ്.

 

"മോഹന്‍ലാല്‍ നായകനാവുന്ന റാം ഉപേക്ഷിച്ച് മറ്റൊരു ചിത്രത്തിന്‍റെ ആലോചനയിലാണോ എന്ന് ചോദിച്ച് കഴിഞ്ഞ കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി എനിക്കു കോളുകളും മെസേജുകളും വരുന്നു. കൊറോണ വൈറസിന്‍റെ വ്യാപനം മൂലമാണ് ഞങ്ങള്‍ക്ക് റാം ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നത്. യുകെയിലും ഉസ്ബെക്കിസ്ഥാനിലും വൈറസ് ഭീഷണി ഒഴിഞ്ഞാല്‍ ചിത്രീകരണം പുനരാരംഭിക്കും. കൊറോണയെ ഫലപ്രദമായി നിയന്ത്രിച്ച ലോകത്തിലെ തന്നെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് കേരളം. അതിനാല്‍ത്തന്നെ സിനിമാ ചിത്രീകരണമൊക്കെ ഇവിടെയാണ് ആദ്യം ആരംഭിക്കാന്‍ സാധ്യത. ഈ സാധ്യത പരിഗണിച്ച് ഈ ഇടവേളയില്‍ പൂര്‍ണ്ണമായും കേരളത്തില്‍ ചിത്രീകരിക്കുന്ന ഒരു സിനിമയെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ട്. പക്ഷേ അതുകൊണ്ട് റാം ഞാന്‍ ഉപേക്ഷിച്ചുവെന്ന് ഒരുതരത്തിലും അര്‍ഥമില്ല. നിലവിലെ സാഹചര്യങ്ങളില്‍ ആ ചിത്രം വൈകുന്നതു മാത്രമാണ്", ഫേസ്ബുക്ക് കുറിപ്പിലൂടെ ജീത്തു ജോസഫ് വിശദീകരിച്ചു.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്‍റെ രചനയും ജീത്തുവിന്‍റേത് തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.