മാർച്ച് മൂന്നിന് പുഴ മുതൽ പുഴ വരെ തിയറ്ററുകളിലേക്ക് എത്തും.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ'. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. സെൻസറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾക്ക് ഒടുവിൽ മാർച്ച് മൂന്നിന് പുഴ മുതൽ പുഴ വരെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട് രാമസിംഹൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പുഴ മുതൽ പുഴ വരെയ്ക്ക് പരസ്യങ്ങൾ ഉണ്ടാകില്ലെന്നും ഇത് ജനങ്ങളുടെ സിനിമയാണെന്നും അവർ പരസ്യക്കാരായി മാറും. കാരണം അവരാണിത് നിർമിച്ചതെന്നും രാമസിംഹൻ കുറിക്കുന്നു."ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനൽ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ,അവർ പരസ്യക്കാരായി മാറും കാരണം അവരാണിത് നിർമിച്ചത്.. അവർ വിതച്ചത് അവർ കൊയ്യും.അവനവന്റെ ധർമ്മം.. അതാണ്... മമധർമ്മ", എന്നായിരുന്നു സംവിധായകൻ കുറിച്ചത്.
"ഇങ്ങിനെ ഒരു സിനിമ ഉണ്ടായിട്ടില്ല, ജനം നിർമിച്ചു ജനം വിതരണം ചെയ്തു ജനം കാണുന്ന സിനിമ. ഒരു പൊളിച്ചെഴുത്ത്",എന്നാണ് മറ്റൊരു പോസ്റ്റിൽ രാമസിംഹൻ കുറിച്ചത്. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരത്തെ മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും പുഴ മുതല്‍ പുഴവരെയെന്ന് രാമസിംഹൻ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന് സംവിധായകൻ അറിയിച്ചിരുന്നു.
അജിത്തിനെ പിന്നിലാക്കി 300 കോടി ക്ലബ്ബിൽ വിജയ്; 'സോൾ ഓഫ് വാരിസ്' എത്തി
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറിയിരുന്നു.
