മുംബൈ: ശിവസേന എം പി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ ബോളിവുഡ് അഭിനേത്രി കങ്കണ റണൌട്ടിന് പിന്തുണയുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. മുംബൈയിലേക്ക് തിരിച്ച് വരരുതെന്നായിരുന്നു ശിവസേനാ എം പി സഞ്ജയ് റാവത്ത് നടിയോട് ആവശ്യപ്പെട്ടത്. കങ്കണയെ ശിവസേനാ എംപി ഭീഷണിപ്പെടുത്തിയ സംഭവം നിര്‍ഭാഗ്യകരമായിപ്പോയിയെന്ന് രാംദാസ് അത്താവാലെ പറയുന്നു.

യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന് നീതി ലഭിക്കാനുള്ള കങ്കണയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുണ്ട്. റാവത്ത് കങ്കണയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ സത്യം അറിയില്ല. എന്നാല്‍ റാവത്ത് കങ്കണയെ ഭീഷണിപ്പെടുത്തിയെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. കങ്കണയുടെ കുടുംബത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് രാംദാസ് അത്താവാലെ പറഞ്ഞു.

 

സഞ്ജയ് റാവത്ത് ഭീഷണിപ്പെടുത്തിയെന്ന്  വ്യാഴാഴ്ചയാണ് നടി ട്വിറ്ററിലൂടെ അവകാശപ്പെട്ടത്. ആസാദി ഗ്രാഫിറ്റികള്‍ക്ക് ശേഷം മുംബൈയിലെ തെരുവുകളില്‍ ഭീഷണിയുടെ സ്വരമാണ് ഉള്ളത്. പാകിസ്ഥാന്‍ അധീന കശ്മീര്‍ പോലെയാണ് മുംബൈയെക്കുറിച്ച് തോന്നുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.