പൃഥ്വിരാജ് നായകനായ ആടുജീവിതം കണ്ട ശേഷം രമേശ് ചെന്നിത്തല നടത്തിയ പ്രതികരണം. 

പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ്. വിവിധ മേഖലയിലെ പ്രമുഖര്‍ പൃഥ്വിരാജിനെയും സിനിമയെയും അഭിനന്ദിക്കുകയും ചെയ്യുന്നു. ആടിജീവിതം കണ്ട രമേശ് ചെന്നിത്തലയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ആടുജീവിതം കണ്ടു എന്നും മലയാള സിനിമയുടെ നാഴികക്കല്ലാണ് എന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എഴുതിയത്.

സ്വപ്‍നങ്ങളുമായി വിമാനം കയറി ജീവിതത്തിന്റെ കത്തുന്ന ചിതയിലൂടെ നടന്നു തീരുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട് എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. ഹരിപ്പാട് സ്വദേശിയായ നജീബിനറെ കഥ അതിന്റെ അത്യപാരതകളിലൊന്നാണ്. ബെന്യാമിന്റെ ജീവസുറ്റ അക്ഷരങ്ങൾക്കുള്ള ബ്ലസിയുടെ രംഗ ഭാഷ പൃഥിരാജ് ജീവിച്ചു തീർത്തപ്പോൾ കണ്ടിരിക്കുന്നവരുടെ ഹൃദയത്തിൽ കാരമുള്ള് കൊണ്ട് കീറിയ ഒരു നോവുണ്ടാകും. ആടുജീവിതം കണ്ടു എന്നും മലയാള സിനിമയുടെ നാഴിക കല്ലുകളിൽ ഒന്നാണെന്ന് നിസംശയം പറയാം എന്നും പകരം വയ്‍‍ക്കാൻ വാക്കുകളില്ലെന്നും തന്റെ കുറിപ്പില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു.

ആടുജീവിതം പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയായ സിനിമകളില്‍ ഒന്നാണ്. ബെന്യാമിൻ എഴുതിയ ആടുജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ പൃഥ്വിരാജിന്റെ നോട്ടത്തില്‍ നിന്നും രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും നായകൻ നജീബ് ഗള്‍ഫില്‍ നേരിട്ട ദുരിതത്തിന്റെ കഥ മുഴുവൻ വായിച്ചെടുക്കാമെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. റിലീസായപ്പോള്‍ പ്രതീക്ഷളെല്ലാം ശരിവയ്‍ക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ പൃഥ്വിരാജില്‍ നിന്ന് കാണാൻ സാധിച്ചതും. പൃഥ്വിരാജ് എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയതെന്നാണ് അഭിപ്രായങ്ങള്‍.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Read More: റെക്കോര്‍ഡുകള്‍ മറികടക്കുന്ന ആടുജീവിതം, രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക