നടന്‍ സലിം കുമാറുമായി തനിക്കുള്ള ദീര്‍ഘകാല സൗഹൃദം പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറിയപ്പെടുന്ന നടനാവുന്നതിന് മുന്‍പേ സലിം കുമാറുമായി അടുത്ത ബന്ധമുണ്ടെന്നും തനിക്കായി വോട്ട് പിടിക്കാന്‍ പല വേദികളിലും എത്തിയിട്ടുണ്ടെന്നും ചെന്നിത്തല ഓര്‍ക്കുന്നു. സലിം കുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് രമേശ് ചെന്നിത്തല തന്‍റെ പ്രിയ സുഹൃത്തിനെക്കുറിച്ച് പറയുന്നത്.

സലിം കുമാറിനെക്കുറിച്ച് രമേശ് ചെന്നിത്തല

മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട് സലിം കുമാറിന്‍റെ പിറന്നാളാണ് ഇന്ന്. ആശംസ നേരാൻ ഫോണിൽ വിളിച്ചപ്പോൾ ഇത്തിരി പഴക്കമുള്ള കഥകളും ഞങ്ങൾ ഓർത്തെടുത്തു. രാജ്യത്തെ മികച്ച നടനായും മലയാളികളുടെ പ്രിയതാരമായും കേരളത്തിൽ നിറഞ്ഞു നിൽക്കുന്നതിനു മുൻപ് ഞങ്ങൾ തമ്മിൽ അത്രയേറെ അടുപ്പമായിരുന്നു. ജി കാർത്തികേയനും എം ഐ ഷാനവാസും ഞാനുമൊക്കെ അടങ്ങുന്ന ചങ്ങാതികൂട്ടായ്മയിൽ ഏറെ പ്രിയപ്പെട്ടവനായിരുന്നു സലിം.

ഒരു കോൺഗ്രസുകാരനാണ് താനെന്നു ഹൃദയത്തിൽ തൊട്ട് സലിംകുമാർ പലവേദികളിലും പറയാറുണ്ട്. നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് വേദികളിൽ ചിരിയും ചിന്തയും ഉണർത്തി എനിക്കായി വോട്ട് പിടിക്കാൻ എത്തുന്ന സലിംകുമാറിന്‍റെ വാക്കുകളെ  ഓരോ ഹരിപ്പാട്ടുകാരും നിറഞ്ഞ സ്നേഹത്തോടെയാകും ഓർത്തെടുക്കുന്നത്. സുഖത്തിലും ദു:ഖത്തിലും പ്രിയ സലിം എന്നും എന്നോടൊപ്പമുണ്ട്. സലിംകുമാറിനോട് എത്ര സംസാരിച്ചാലും മതി വരില്ല. ചിരിയും ചിന്തയും വാരി വിതറുന്ന, പോസിറ്റീവ് ആയി മാത്രം ഓരോ കാര്യങ്ങളെയും സമീപിക്കുന്ന സുഹൃത്താണ്‌. പിറന്നാൾ ദിനം കഴിയാനായി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പ്രിയ സ്നേഹിതന് പിറന്നാൾ ആശംസകൾ.