പിഷാരടി നായകനാവുന്ന സര്‍വൈവല്‍ ത്രില്ലറിന്‍റെ റിലീസ് 22ന് ആണ്
തിയറ്ററുകളില്‍ മലയാള സിനിമകള്‍ ഇല്ലാത്ത ഒരു വിഷു സീസണ്‍ എന്നത് അപൂര്‍വ്വമാണ്. അത്തരത്തിലൊരു വിഷുക്കാലത്തിനാണ് മലയാളി സിനിമാപ്രേമികള്‍ ഇക്കുറി സാക്ഷ്യം വഹിച്ചത്. അതേസമയം വന്‍ കാന്‍വാസില്‍ ഒരുങ്ങിയ മറുഭാഷാ ചിത്രങ്ങള്‍ തിയറ്ററുകളില്‍ ഉണ്ടായിരുന്നു താനും. രാജമൗലിയുടെ ആര്‍ആര്‍ആറിനു പിന്നാലെ വിജയ് നായകനായ ബീസ്റ്റും യഷ് നായകനായ കെജിഎഫ് 2 ഉും (KGF 2). റംസാന്‍ നോമ്പ് കാലം കൂടി ചേര്‍ന്നുവന്നതാണ് ഇക്കുറി വിഷു റിലീസുകള്‍ ഉണ്ടാവാതിരുന്നതിന്‍റെ കാരണം. അതേസമയം മലയാളം റിലീസുകള്‍ ഒരിടവേളയ്ക്കു ശേഷം ഈ വാരം എത്തിത്തുടങ്ങുകയുമാണ്. രമേശ് പിഷാരടി നായകനാവുന്ന നോ വേ ഔട്ട് (No Way Out) ആണ് അതിലൊന്ന്. കെജിഎഫ് 2 തിയറ്ററുകളില്‍ വന്‍ വിജയം നേടി തുടരുമ്പോള്‍ത്തന്നെ ഈ ചിത്രം ഇറക്കണോ എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് പിഷാരടി പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന, സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് നോ വേ ഔട്ട്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ നിരവധി പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പിഷാരടി തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ഫേസ്ബുക്കില്‍ അത്തരത്തില്‍ ഒരു പോസ്റ്റിനു താഴെയാണ് ആരാധകന്‍ ചോദ്യവുമായി എത്തിയത്. കെജിഎഫ് 2 തീ മഴ സൃഷ്ടിക്കുമ്പൊ ഇതു പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി, എന്നായിരുന്നു ചോദ്യം. ഫോട്ടോകള്‍ക്ക് ഇടുന്ന പഞ്ച് ക്യാപ്ഷനുകള്‍ പോലെ തന്നെയായിരുന്നു പിഷാരടിയുടെ പ്രതികരണം. ആർക്ക്; റോക്കി ഭായിക്കോ?, പിഷാരടി കുറിച്ചു. 1700ല്‍ ഏറെ ലൈക്കുകളാണ് ഈ പ്രതികരണത്തിന് ലഭിച്ചിരിക്കുന്നത്. ചോദ്യത്തിന്‍റെയും മറുപടിയുടെയും സ്ക്രീന്‍ ഷോട്ട് ട്രോള്‍ പേജുകളില്‍ പോലും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.

കഥാപാത്രങ്ങളായി നാല് പേര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. രമേശ് പിഷാരടിക്കൊപ്പം ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളത്താണ് പൂര്‍ണ്ണമായും ചിത്രീകരിച്ചത്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ റിമോഷ് എം എസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ, കൊറിയോഗ്രഫി ശാന്തി മാസ്റ്റർ, സംഘട്ടനം മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് കറുപ്പ്, പിആർഒ മഞ്ജു ഗോപിനാഥ്.
