മമ്മൂട്ടി നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് ഗാനഗന്ധര്‍വൻ. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ പറയാൻ മമ്മൂട്ടിയെടുത്ത് പോയപ്പോഴുള്ള രസകരമായ അനുഭവം പറയുകയാണ് രമേഷ് പിഷാരടി.

മമ്മൂക്ക ചെയ്താൽ നന്നാകും എന്ന് തോന്നിയ ഒരു കഥ കയ്യിൽ കിട്ടിയപ്പോൾ ഒന്ന് നേരിൽ കാണാൻ പറ്റുമോ എന്ന് ഞാൻ മമ്മുക്കയെ വിളിച്ച് ചോദിച്ചു. 'നാളെ കോഴിക്കോട്ടേക്ക് ഒരു യാത്രയുണ്ട്. വന്നാൽ ഇടപ്പള്ളിയിൽവച്ച് വണ്ടിയിൽ കയറാം. കാര്യം പറഞ്ഞ് കൊടുങ്ങല്ലൂരിൽ ഇറങ്ങാം. നിന്റെ വണ്ടി എന്റെ കാറിന്റെ പിറകെ വന്നോട്ടെ' എന്ന് മമ്മൂക്ക പറഞ്ഞു.  പിറ്റേദിവസം പറഞ്ഞതുപോലെ ഞാൻ മമ്മൂക്കയുടെ കാറിൽ കയറി. കാറ് കുറച്ചുദൂരം സഞ്ചരിച്ചപ്പോൾ മമ്മൂക്ക ചോദിച്ചു 'എന്താ കാര്യം'. ഒരു കഥ പറയാൻ വന്നതാ എന്ന് ഞാൻ. 'കഥ കേൾക്കാൻ ഞാനെന്താ കുഞ്ഞാവയോ' മമ്മൂക്കയുടെ മറുപടി കേട്ടതോടെ എന്റെ കാറ്റുപോയി. കഥ ഒഴിക മറ്റുപല കാര്യങ്ങളും സംസാരിച്ച് ഞങ്ങൾ കൊടുങ്ങല്ലൂർ എത്തി. 'തന്റെ വണ്ടിയോട് തിരിച്ചുപോകാൻ പറ നമുക്ക് കോഴിക്കോട് വരെ പോകാം' മമ്മൂക്ക പറഞ്ഞു. അങ്ങനെ ആ യാത്ര കോഴിക്കോട് വരെ നീണ്ടു. കോഴിക്കോട് എത്താറായപ്പോൾ മമ്മൂക്ക ചോദിച്ചു. 'എന്താ കഥ ? നാലുവരിയിലൊതുക്കി ചിത്രത്തിന്റെ മൂലകഥ ഞാൻ പറഞ്ഞു. മമ്മൂക്കക്ക് കഥ ഇഷ്‍ടമായി. പിന്നീട് പല തവണ ചർച്ച ചെയ്ത ഞങ്ങൽ തിരകഥ വികസിപ്പിച്ചു. അങ്ങനെയാണ് ഗാനഗന്ധർവൻ എന്ന പ്രൊജക്ട് ഉണ്ടാവുന്നത്- രമേഷ് പിഷാരടി പറയുന്നു.