മുംബൈ: രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുന്നയാളാണ് താനെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിമർശനത്തിനെതിരെ പ്രതികരണവുമായി നടൻ രൺബീർ കപൂർ രം​ഗത്ത്. വിവാ​ദങ്ങളുണ്ടായേക്കാവുന്ന അത്തരം ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ താൻ ആ​ഗ്രഹിക്കുന്നതായി രൺബീർ കപൂർ പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൽഎസിന് നൽകിയ അഭിമുഖത്തിലാണ് രൺബീർ പ്രതികരണവുമായി രം​ഗത്തെത്തിയത്.

തന്നോട് ആര് എന്ത് ചോദ്യം ചോദിച്ചാലും അതിനൊക്കെ മറുപടി നൽകാൻ പരമാവധി ശ്രമിക്കാറുണ്ട്. പക്ഷേ രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തനിക്ക് താൽപര്യമില്ല. അത്തരം ചോദ്യങ്ങളിലൂടെ ഉണ്ടായേക്കാവുന്ന വിവാദങ്ങൾക്കും തനിക്ക് താൽപര്യമില്ലെന്ന് നടൻ പറഞ്ഞു. ആളുകൾക്ക് തന്നെക്കുറിച്ച് ഇഷ്ടമുള്ളതെന്തും പറയാം. ഞാൻ ആരാണെന്നും ഞാൻ എന്താണ് പറയുന്നതെന്നും തനിക്കറിയാമെന്നും താരം കൂട്ടിച്ചേർത്തു. കങ്കണയുടെ പേര് പരാമർശിക്കാതെയാണ് രൺബീർ‌ കപൂറിന്റെ പ്രതികരണം. അതേസമയം കങ്കണയുടെ വിമർശനങ്ങൾക്കെതിരെ ആദ്യമായാണ് രൺബീർ കപൂർ പരസ്യ പ്രതികരണവുമായി രം​ഗത്തെത്തിയത്.

വീട്ടിൽ വെള്ളവും വൈദ്യുതിയും എത്തുന്നത് കൊണ്ട് രാഷ്ട്രീയം പറയാതിരിക്കില്ല; രൺബീർ കപൂറിനെ വിമർശിച്ച് കങ്കണ റണാവത്ത്

ഈ വർഷം മാർച്ചിലായിരുന്നു രൺബീർ കപൂറിനെതിരെ കങ്കണ റണാവത്ത് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയപരവും അല്ലാത്തതുമായ വിഷയങ്ങളിൽ രൺബീർ കപൂർ വ്യക്തമായ നിലപാടെടുക്കുന്നില്ലെന്ന് കങ്കണ ആരോപിച്ചു. ‘മണികർണിക ദ ക്വീൻ ഓഫ്​ ഝാൻസി’ എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു കങ്കണയുടെ പരാമർശം.

ഇൻഡസ്ട്രിയിൽ രൺബീർ കപൂറിനെ പോലെയുള്ള നടൻമാരുണ്ട്. രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടില്ലാത്തവർ. വീട്ടിൽ മുടങ്ങാതെ വെള്ളവും വൈദ്യുതിയും എത്തുന്നുണ്ട്. പിന്നെന്തിന് ഞാൻ രാഷ്ട്രീത്തെക്കുറിച്ച് സംസാരിക്കണമെന്നായിരുന്നു ഒരു അഭിമുഖത്തിൽ രൺബീർ പറഞ്ഞത്. നിങ്ങൾ ആഡംബര വസതിയിൽ താമസിക്കുകയും മേഴ്സിഡസ് ബെൻസിൽ പോകുകയും ചെയ്യുന്ന നാടാണിത്. ഈ രാജ്യത്ത് ജീവിക്കുന്നവർ എന്ന നിലയ്ക്ക് നിങ്ങൾക്കെങ്ങനെയാണ് ഇങ്ങനെ പറയാൻ കഴിയുന്നത്. എന്തായാലും ഞാൻ അത്തരത്തിലുള്ള ആളല്ല. ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവേശിക്കില്ല. ഒരു രാഷ്ട്രീയ പാർട്ടികളെയും പിന്തുടരില്ല. കാരണം രാഷ്ട്രീയം തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് 2018-ൽ നൽകിയ മറ്റൊരു അഭിമുഖത്തിൽ രൺബീർ കപൂർ പറഞ്ഞിരുന്നതായും ക​ങ്കണ കൂട്ടിച്ചേർത്തു.