Asianet News MalayalamAsianet News Malayalam

'ചേട്ടാ, ഈ ഒരു ഷോട്ട് മാത്രം മുഴുവനായിങ്ങ് താ', സച്ചിയുടെ ഓര്‍മയില്‍ രഞ്‍ജൻ എബ്രഹാം

ചേട്ടാ എന്ന വിളിയാണ് ആദ്യം ഓര്‍മ വരിക. ആ ഒരു വിളി നിന്നുപോയി. ഇനിയൊരു സച്ചിയെ  കാണാൻ പറ്റുമോ?- എഡിറ്റര്‍ രഞ്‍ജൻ എബ്രഹാം എഴുതുന്നു.

Ranjan Abraham writes about Sachy
Author
Kochi, First Published Jun 18, 2021, 9:25 AM IST
  • Facebook
  • Twitter
  • Whatsapp

രണ്ട് സിനിമകളാണ് സച്ചി സംവിധാനം ചെയ്‍തിട്ടുള്ളത്. ഒന്നിനൊന്ന് വേറിട്ട അനാര്‍ക്കലിയും അയ്യപ്പനും കോശിയും. രണ്ടും എഡിറ്റ് ചെയ്‍തത് രഞ്‍ജൻ എബ്രഹാം. സച്ചിയുടെ ആദ്യ സിനിമയ്‍ക്ക് മുന്നേ തുടങ്ങിയ സൗഹൃദം. കഥകള്‍ ആലോചനയിലേക്ക് എത്തുന്നത് തൊട്ടേ സച്ചി ചര്‍ച്ച ചെയ്യുന്ന ഒരാള്‍. സച്ചിയുടെ സിനിമാ ജീവത്തില്‍ നിര്‍ണായക സ്വാധീനമുള്ള എഡിറ്റര്‍ രഞ്‍ജൻ എബ്രഹാം ഓര്‍മകള്‍ പങ്കുവയ്‍ക്കുന്നു.

സച്ചിയുടെ ഓര്‍മ ദിവസം അടുത്തടുത്ത് വരുന്നത്‍ ഓര്‍ത്തതുമുതല്‍ ഒരു പിടച്ചിലാണ്. സുഹൃത്തുക്കളില്‍ ചിലരുടെ ഓര്‍മപ്പെടുത്തലിനെ തുടര്‍ന്ന് സച്ചി അയച്ച വാട്‍സ് ആപ് സന്ദേശങ്ങള്‍ രണ്ടു ദിവസം മുമ്പ് ഞാൻ നോക്കി. സച്ചി ശസ്‍ത്രക്രിയയ്‍ക്ക് പോകുന്നതിനു മുമ്പ് അയച്ചതായിരുന്നു അത്. ശ്രദ്ധിക്കണമെന്ന് ഞാൻ പറഞ്ഞതും അതിന് സച്ചി സ്‍മൈലി അയച്ചതുമാണ് അവസാനത്തേത്. സച്ചി യാത്ര പോയതില്‍ എനിക്കുണ്ടായ നഷ്‍ടം എത്രയെന്ന് ഇപോഴും പറയാനാകുന്നില്ല.

വക്കീലായിരുന്ന കാലത്താണ് സേതുവിനൊപ്പം സച്ചിയെയും പരിചയപ്പെടുന്നത്. വര്‍ണചിത്ര സുബൈറാണ്  അവരെ എനിക്ക് പരിചയപ്പെടുത്തിയത്. അവരുടെ കുറെ കഥകള്‍  കേട്ടു. കഥകളൊക്കെ കൊള്ളാം. ഇക്കാര്യം പരിചയമുള്ള സംവിധായകരോടും പറഞ്ഞു. ജോഷി സാറിനോടും ഇവരെ കുറിച്ച് പറഞ്ഞിരുന്നു. സച്ചിയും സേതുവും തന്നെ സംവിധാനം ചെയ്യാനിരുന്ന റോബിൻഹുഡിന്റെ കഥ കേട്ടപ്പോള്‍ ജോഷി സാര്‍ അത് ചെയ്യാമെന്നേറ്റു. സച്ചി- സേതുവിന്റ തിരക്കഥയില്‍ ചോക്ലേറ്റ് ആണ് ആദ്യം തുടങ്ങിയതും റിലീസായതും.

സിനിമയെ അറിയുന്ന തിരക്കഥാകൃത്തായിരുന്നു സച്ചി.  തിരക്കഥയില്‍ സച്ചി ഷോട്ടിന്റെ ദൈര്‍ഘ്യം വരെ എഴുതിവച്ചിട്ടുണ്ടാകും. അപ്പോള്‍ ഞാൻ പറയും ദൈര്‍ഘ്യം  ഒക്കെ അവിടെ ഇരിക്കട്ടെ, അത് ഞാൻ തീരുമാനിച്ചോളാമെന്ന്.  സ്വന്തം തിരക്കഥ എങ്ങനെ സിനിമയാകണമെന്നതില്‍ നല്ല ധാരണയുള്ളയാളാണ് സച്ചി. ചില ഷോട്ടുകളൊക്കെ സച്ചി കുറച്ച് ലെം‍ഗ്‍തിയായി എടുക്കും.  അനാര്‍ക്കലിയില്‍ പൃഥ്വിരാജിനെ എയര്‍  ആംബുലൻസില്‍ കയറ്റിക്കൊണ്ടുപോകുന്ന ഒരു രംഗമുണ്ട്. നാലര മിനിട്ടുണ്ട്. സിംഗിള്‍ ഷോട്ടാണ്. ഞാൻ അതിന്റെ ദൈര്‍ഘ്യം കുറച്ച് കുറയ്‍ക്കാൻ ശ്രമിച്ചു.  'അല്ല ചേട്ടാ ഈ ഒരു ഷോട്ട് മാത്രം മുഴുവനായി ഇങ്ങ് താ' എന്നായിരുന്നു അപോള്‍ പറഞ്ഞത്. അതുപോലെ അയ്യപ്പനും കോശിയിലും ഇടവേള കഴിഞ്ഞ് ബിജു മേനോൻ ഇടിക്കാൻ വരുന്ന രംഗത്തെ ഷോട്ടും ദൈര്‍ഘ്യമുള്ളതായിരുന്നു. അത് കുറയ്‍ക്കാം എന്ന് പറഞ്ഞപ്പോഴും പഴയ മറുപടിയായിരുന്നു.

സച്ചി സിനിമ ചെയ്യും മുന്നേ ഞങ്ങളുടെ ബന്ധം ചേട്ടൻ- അനിയൻ എന്ന തലത്തിലെത്തിയിരുന്നു. സ്വന്തം  സംവിധാനത്തിലുള്ളവ മാത്രമല്ല മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതുന്ന തിരക്കഥയെ കുറിച്ചും പറയുമായിരുന്നു.  ചെയ്യാൻ പോകുന്ന അഞ്ചോളം കഥകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്‍തിരുന്നു. ഒന്നിനൊന്ന് വ്യത്യസ്‍തമായിട്ടുള്ളവ. ഒരു വൻ വിജയത്തിലിരിക്കേ സച്ചി പോയതില്‍ മലയാള സിനിമയ്‍ക്കുള്ള നഷ്‍ടം എത്ര വലുതായിരിക്കുമെന്ന് പറയേണ്ടതില്ല. പക്ഷേ, എനിക്ക് അത് മാത്രമല്ല.

സച്ചി യാത്ര ചെയ്‍തപ്പോള്‍ പരിചയപ്പെട്ട കഥാപാത്രങ്ങളാണ് അയ്യപ്പനും കോശിയിലേതും. സച്ചിയുടെ വിഷ്വല്‍ സെൻസും മ്യൂസിക് സെൻസുമൊക്കെ മികച്ചതായിരുന്നു. അതൊക്കെ ആ സിനിമയില്‍ കാണുകയും ചെയ്യാം. പാട്ടുപാടും, കവിത ചൊല്ലും. ഫോട്ടോഗ്രാഫിയിലും സച്ചിക്ക് ധാരണയുണ്ട്. സച്ചിക്ക് സ്വന്തം കഴിവിലുള്ള ആത്മവിശ്വാസമാണ് അയ്യപ്പനും കോശിയിലെയും കഥാപാത്രങ്ങള്‍ക്ക് വേറിട്ട അഭിനേതാക്കളെ തെരഞ്ഞെടുത്തത്.

സച്ചിക്ക് അസുഖമുള്ളത് അറിയാമായിരുന്നു. ഞങ്ങള്‍ അവസാനമായി കാണുന്നത് സച്ചി ആശുപത്രിയിലേക്ക് പോകുന്നതിന് രണ്ടാഴ്‍ച മുമ്പാണ്. അന്ന് ഞങ്ങള്‍ എറണാകുളത്തായിരുന്നു. ലോക്ക് ഡൗണ്‍ ഏത് സമയത്തും വരുമെന്ന് വിചാരിക്കുന്നതുകൊണ്ട് കുറച്ചു സാധനങ്ങള്‍ വാങ്ങിക്കാൻ പോയതായിരുന്നു. സച്ചിയെയും അവിടെവെച്ച് കണ്ടു. ഞാൻ  സച്ചിയെ മാറ്റിനിര്‍ത്തി ചോദിച്ചു. ആശുപത്രി എങ്ങനെ ഉണ്ടെന്ന്.  എന്തെങ്കിലും പ്രശ്‍നുണ്ടെങ്കില്‍ എറണാകുളത്തേയ്‍ക്ക് മാറാം എന്ന് ഞാൻ പറഞ്ഞു. അപ്പോള്‍ സച്ചി പറഞ്ഞു, 'ചേട്ടനെ എന്നെ വിശ്വാസമില്ലേ, നല്ല ചികിത്സയായതു കൊണ്ടല്ലേ ഞാൻ പോകുന്നത്, അല്ലേല്‍ പോവുവോ?'

പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ഓരോ കാര്യവും അറിയുന്നുണ്ടായിരുന്നു. ഐസിയുവിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ വിളിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും വിളിച്ചു. സച്ചിയുടെ അവസ്ഥ ഗുരുതരമാണ് എന്ന് പറഞ്ഞപ്പോ,ള്‍ ബ്ലീഡിംഗ് ഉണ്ടായി എന്നൊക്കെ കേട്ടപ്പോള്‍ അന്ന് ഭീകരമായ  ഒരു അനുഭവമായിരുന്നു. നേരിട്ട് അവിടെയുണ്ടായിരുന്നില്ലെങ്കിലും സച്ചിയുടെ അവസാന നിമിഷങ്ങളില്‍ എന്നെ അങ്ങനെയാണ് കണക്റ്റ് ചെയ്‍തിരുന്നത്. ഓര്‍ക്കാൻ പോലും വയ്യാത്ത കാര്യങ്ങളാണ് അതൊക്കെ

സച്ചി പോയ രാത്രി പന്ത്രണ്ട് മണിയോടെ വിനീത്  (വിനീത് ശ്രീനിവാസൻ) വിളിച്ചു . കുറച്ചുനേരം മിണ്ടിയില്ല. പിന്നെ പറഞ്ഞു, ചേട്ടൻ കുറച്ചുനേരം ഉറങ്ങാൻ നോക്കൂവെന്ന്. വിനീതിന് അറിയാമായിരുന്നു ഞാനും സച്ചിയും തമ്മിലുള്ള ബന്ധം. എനിക്ക് എത്രമാത്രം വിഷമമായിട്ടുണ്ടാകും എന്ന് വിനീതിനറിയാം. വിനീത് തൊട്ടടുത്ത ദിവസം മാത്തുക്കുട്ടിയെ (എല്‍ദോയുടെ സംവിധായകൻ) വിളിച്ചുപറഞ്ഞു. ചേട്ടന്റെ അടുത്തുപോകണം, സംസാരിക്കണം എന്നൊക്കെ. സച്ചിയുടെ യാത്ര, എനിക്കുണ്ടാക്കിയ നഷ്‍ടം, വേദന എല്ലാം  അതിഭീകരമായിരുന്നു. ഇപ്പോഴാണെങ്കിലും, ദിവസം അടുത്തുവരുമ്പോള്‍ ഞാനിങ്ങനെ വളരെ സയലന്റ് ആയി മാറുന്നു. അക്കാര്യങ്ങള്‍ ഓര്‍ത്താൻ തന്നെ അന്നത്തെ ദിവസം ഒന്നും ചെയ്യാൻ പറ്റില്ല.

ആദ്യം കണ്ടപ്പോഴുള്ള ആ ഫ്രെയിമാണ് ഇപോഴും മനസിലുള്ളത്. ചേട്ടാ എന്ന വിളിയാണ് ആദ്യം ഓര്‍മ വരിക. ആ ഒരു വിളി നിന്നുപോയി. ഇനിയൊരു സച്ചിയെ കാണാൻ പറ്റുമോ?. ജീവിതത്തിലേക്ക് കടന്നുവരാൻ ഇങ്ങനെയൊരു സച്ചി ഇനിയുണ്ടാകുമോയെന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട്. എന്നെയും നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു സച്ചി. സ്വന്തമായി ഒരു പ്രൊഡക്ഷൻ സച്ചിയുടെ സ്വപ്‍നമായിരുന്നു. ഇങ്ങനെ വെറും എഡിറ്ററായി ഇരുന്നാല്‍ മാത്രം പോരാ. നമുക്ക് സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ ജോലി ചെയ്യണം എന്നൊക്കെ പറയുമായിരുന്നു. എന്തെല്ലാം സ്വപ്‍നങ്ങളുണ്ടായിരുന്നുവെന്ന് ഞങ്ങള്‍ക്ക് മാത്രമേ അറിയുകയുള്ളൂ.

Follow Us:
Download App:
  • android
  • ios