ഹൃദയസ്‍പർശിയായ കുറിപ്പുമായി രഞ്ജിനി ഹരിദാസ്.
മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അഭിമുഖങ്ങൾക്കൊപ്പം വ്യക്തിജീവിതവും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും രഞ്ജിനി തന്റെ ചാനലിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ച് രഞ്ജിനി സംസാരിക്കുമ്പോളൊക്കെ അതിലാദ്യം ഇടംപിടിച്ച പേരുകളിലൊന്നായിരുന്നു താരത്തിന്റെ അമ്മ സുജാതയുടേത്. മാതൃദിനമായ ഇന്നലെ അമ്മയെക്കുറിച്ച് രഞ്ജിനി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ശ്രദ്ധിക്കപ്പെടുകയാണ്. രഞ്ജിനിയുടെ അച്ഛനെക്കുറിച്ചും പരാമർശിച്ചുകൊണ്ടാണ് പോസ്റ്റ്. അമ്മക്കൊപ്പമിരിക്കുന്ന ചിത്രത്തിൽ അച്ഛന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും രഞ്ജിനിയുടെ കയ്യിലിരിക്കുന്നതു കാണാം.

''എന്റെ അമ്മയെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ ഞാൻ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്നെ അറിയുന്നതുപോലെ തന്നെ പലർക്കും എന്റെ അമ്മയെയും അറിയാമായിരിക്കും. പക്ഷേ, എന്റെ അച്ഛനെ അധികമാർക്കും അറിയില്ല. സത്യം എന്താണെന്നു വെച്ചാൽ, എനിക്കുപോലും അദ്ദേഹത്തെ അടുത്തറിയാനുള്ള അവസരം ലഭിച്ചില്ല. എനിക്ക് ഏഴു വയസു മാത്രം പ്രായം ഉള്ളപ്പോളാണ് അദ്ദേഹം മരിക്കുന്നത്. ഇന്ന് അമ്മയുടെയും എന്റെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പരതുമ്പോളാണ് അച്ഛന്റെ ഈ ഫോട്ടോ കാണുന്നത്. അങ്ങനെയാണ് ഇങ്ങനൊരു ചിത്രം എടുക്കാമെന്നു വിചാരിക്കുന്നത്.
അച്ഛന്റെ മരണശേഷം അമ്മ കടന്നുപോകേണ്ടിവന്ന അവസ്ഥകളെയൊക്കെ ഈ ചിത്രം ഓർമിപ്പിക്കുന്നുണ്ടാകാം. എനിക്ക് അച്ഛനും അമ്മയുമായി നിന്നത് ഒരാളായിരുന്നു. എന്റെ സംരക്ഷകയായി, എനിക്കു വേണ്ടി എല്ലാം നൽകുന്നവളായി, എന്റെ കരുത്തായി. എപ്പോഴും എനിക്കൊപ്പം നിന്നു. ഒരമ്മയായി എന്തൊക്കെയാണോ ചെയ്യേണ്ടിയിരുന്നത്, അതിനുമൊക്കെയപ്പുറം അച്ഛന്റെ മരണശേഷം അമ്മക്ക് ചെയ്യേണ്ടിവന്നു. അമ്മ അത് ചെയ്യുകയും ചെയ്‍തു, ഓരോ ദിവസവും, പരാതികളില്ലാതെ, തളരാതെ, ഒന്നും തിരികെ പ്രതീക്ഷിക്കാതെ... ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അത് അമ്മ കാരണമാണ്. എന്റെ ഏറ്റവും വലിയ ആരാധികയും ഏറ്റവും വലിയ വിമർശകയും അമ്മയാണ്. അമ്മയാണ് എനിക്ക് എല്ലാം'', രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
