രുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ സിബി മലയിൽ സംവിധായകനും രഞ്ജിത് നിർമ്മാതാവുമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ത് ആണ്. സെപ്റ്റംബർ നാലിനായിരുന്നു പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം നടന്നത്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. റോഷൻ മാത്യു ,രഞ്ജിത്ത് , വിജിലേഷ് , സുരേഷ് കൃഷ്ണ,അതുൽ , നിഖില വിമൽ ,ശ്രീലക്ഷ്മി എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Read Also: സമ്മര്‍ ഇന്‍ ബത്‍ലഹേമിന് 22 വയസ്സ്; വീണ്ടും ഒരുമിക്കാന്‍ സിബി മലയിലും രഞ്ജിത്തും

1998 സെപ്റ്റംബര്‍ നാലിനായിരുന്നു സമ്മര്‍ ഇന്‍ ബത്‍ലഹേമിന്റെ റിലീസ്. ചിത്രം പുറത്തിറങ്ങിയിട്ട് 22 വര്‍ഷം തികഞ്ഞ സാഹചര്യത്തിലാണ് രഞ്ജിത്ത്-സിബി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്നത്. 

2015ല്‍ പുറത്തെത്തിയ സൈഗാള്‍ പാടുകയാണ് എന്ന ചിത്രമാണ് സിബി മലയിലിന്‍റെ സംവിധാനത്തില്‍ അവസാനമെത്തിയ ചിത്രം. മോഹന്‍ലാലിനെ നായകനാക്കി 2018ല്‍ പുറത്തെത്തിയ ഡ്രാമയാണ് രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് അവസാനമെത്തിയ ചിത്രം. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാണവും രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നായിരുന്നു. 2019ലെ 'കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക്' ശേഷം ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷം ചെയ്ത ആസിഫ് അലിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രമാണ് 'കുഞ്ഞെൽദോ'.