'വെടി കൊണ്ട് ശീലം ഇല്ലാത്തത് കൊണ്ട് അങ്ങനെ ആയിപ്പോയതാണ് എന്ന് അവരോടൊക്കെ പറഞ്ഞത്'.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. മിനിസ്‌ക്രീനിലെ നിത്യഹരിത താരമെന്നാണ് ശരത് അറിയപ്പെടുന്നത്. നായകനായും വില്ലനായുമൊക്കെ നിരവധി സിനിമകളിലും സീരീയലുകളിലും താരം ഇതിനകം വേഷമിട്ടിട്ടുണ്ട്. ഇതിനിടെ, ഒരു സീരിയലിൽ ശരത് വെടിയേറ്റു വീഴുന്ന ഒരു രംഗം വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. ഇതേക്കുറിച്ച് ശരത് തന്നെ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുമുണ്ട്. അത്തരം ട്രോളുകൾ താനിപ്പോൾ കാണാറില്ലെന്നും എന്നാൽ തന്റെ ഫോട്ടോ വെച്ചിട്ടുള്ള സ്റ്റിക്കറുകൾ താൻ തന്നെ പലർക്കും അയച്ചുകൊടുക്കാറുണ്ടെന്നും പറയുകയാണ് ശരത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

''ഞാൻ വളരെ കഷ്ടപ്പെട്ട്, സത്യസന്ധമായാണ് അഭിനയിച്ചത്. ആ സീരിയലിന്റെ സ്ക്രിപ്റ്റ് എഴുതിയ ഡോക്ടറെ വിളിച്ചാണ് ആ രംഗം ചെയ്തത്. വെടി കൊണ്ടയാളുടെ കണ്ണ് എങ്ങോട്ടാണ് പോകുക എന്ന് ചോദിച്ചപ്പോൾ മുകളിലേക്കായിരിക്കും എന്നാണ് ഡോക്ടർ പറഞ്ഞത്. ഇത് ട്രോൾ ആകും എന്നൊന്നും അന്ന് കരുതുന്നില്ലല്ലോ. അത് ടെലികാസ്റ്റ് ചെയ്തപ്പോൾ കുഴപ്പം ഇല്ലായിരുന്നു. ആ സീൻ പോസ് ചെയ്തിട്ട് അതിന്റെ ഫോട്ടോ എടുത്താണ് അത് ട്രോൾ ആക്കിയത്. എനിക്ക് രണ്ടാഴ്ച എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എനിക്ക് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇത് അയച്ചു തരാൻ തുടങ്ങി. എന്തുപറ്റി എന്നൊക്കെ ആളുകൾ ചോദിച്ച് തുടങ്ങിയിരുന്നു. എനിക്ക് ശരിക്കും വെടി കൊണ്ടിട്ടൊന്നുമില്ല. വെടി കൊണ്ട് ശീലം ഇല്ലാത്തത് കൊണ്ട് അങ്ങനെ ആയിപ്പോയതാണ് എന്ന് അവരോടൊക്കെ പറഞ്ഞത്.

ആദ്യമൊക്കെ ഈ ട്രോളുകൾ വന്നപ്പോൾ എല്ലാവർക്കും നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നു. അതിൽ നിന്നൊരു രണ്ടാഴ്ച കടന്നു കിട്ടിയാൽ നമ്മൾ ഭയങ്കര ഹാപ്പി ആണ്. അത് ശീലമാവും. അതോടെ എന്തും നേരിടാൻ ഒരു ധൈര്യം നമുക്ക് വരും. ഇപ്പോൾ എന്നെക്കുറിച്ചുള്ള ട്രോളുകൾ യൂട്യൂബിലൊന്നും ഞാൻ കാണാൻ നിൽക്കാറില്ല. എന്റെ ഫോട്ടോ വച്ചുള്ള സ്റ്റിക്കറുകൾ ഇഷ്ടം പോലെ ഉണ്ട്. ഞാൻ തന്നെ പലർക്കും അയച്ചു കൊടുക്കാറും ഉണ്ട്. എന്റെ ഭാര്യയും പിള്ളേരും പോലും എനിക്ക് ഇതൊക്കെ അയച്ചു തരാറുണ്ട്'', ശരത് ദാസ് അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക