തന്റെ ഇതുവരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമായിരുന്നു 'കമല'യെന്നും ഈ നടി അഭിനയത്തിലൂടെ തന്നെ അത്ഭുതപ്പെടുത്തിയെന്നും രഞ്ജിത്ത് ശങ്കര്‍. 

തന്റെ പുതിയ ചിത്രം 'കമല'യിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെ പരിചയപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ചിത്രത്തെ സംബന്ധിച്ച് ഇതിനുമുന്‍പ് അദ്ദേഹം പങ്കുവച്ച വിവരങ്ങളിലൊന്നും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇന്നലെ അവതരിപ്പിച്ച പോസ്റ്ററിലൂടെ 'കമല'യെ ആരാണ് അവതരിപ്പിച്ചതെന്ന വിവരം ഇന്ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് ആരാണ് 'കമല' ആയതെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

പഞ്ചാബി, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റുഹാനി ശര്‍മ്മയാണ് രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ റുഹാനി 2013ല്‍ പുറത്തെത്തിയ പഞ്ചാബി ചിത്രം 'കര്‍വ ചൗത്തി'ലൂടെയാണ് സിനിമാഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് പല ഭാഷകളിലായി മൂന്ന് സിനിമകളില്‍ അഭിനയിച്ചു. അഭിനയിച്ച 'ആഗ്ര' എന്ന ബോളിവുഡ് ചിത്രവും പുറത്തുവരാനുണ്ട്.

View post on Instagram

തന്റെ ഇതുവരെയുള്ള തിരക്കഥകളിലെ ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമായിരുന്നു 'കമല'യെന്നും റുഹാനി ശര്‍മ്മ അഭിനയത്തിലൂടെ തന്നെ അത്ഭുതപ്പെടുത്തിയെന്നും രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കമല, ഫിസ, ശാന്തി, ബിമല കുമാരി തുടങ്ങി പല പേരുകളില്‍സിനിമയില്‍ ഈ കഥാപാത്രം എത്തുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. 'പ്രേതം 2'ന് ശേഷമെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമാണിത്. അജു വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.