ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നാഗ്‍പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി
താന്‍ നായകനായി അഭിനയിച്ച ചിത്രം ധുരന്ധര്‍ 2 റെക്കോര്‍ഡ് വിജയം നേടി മുന്നേറുമ്പോള്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. ആര്‍എസ്എസ് ചീഫ് മോഹന്‍ ഭഗവതിനെ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് രണ്‍വീര്‍ എത്തിയത്. സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇന്നലെ വൈകിട്ട് 4 മണിയോടെ വിമാനമിറങ്ങിയ രണ്‍വീര്‍ നേരെ മഹാലിലുള്ള ആര്‍ആസ്എസ് ആസ്ഥാനത്തേക്ക് പോവുകയായിരുന്നു. ഒന്നര മണിക്കൂറോളമാണ് അവിടെ അദ്ദേഹം ചെലവഴിച്ചത്.
ധുരന്ധര്‍ 2 നെക്കുറിച്ച് മോഹന്‍ ഭഗ്‍വതുമായി രണ്‍വീര്‍ ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസിന്‍റെ സംഘടനാ കാര്യങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേതാക്കള്‍ രണ്‍വീറിന് വിശദീകരിച്ചുകൊടുത്തുവെന്നും. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഗ്ഡേവാറിന്‍റെയും സര്‍സംഘചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കറുടെയും സ്മൃതിമന്ദിരങ്ങളില്‍ രണ്‍വീര്‍ സിംഗ് പുഷ്പാര്‍ചനയും നടത്തി. ആസ്ഥാനത്ത് ഉണ്ടായിരുന്ന മറ്റ് ആര്‍എസ്എസ് നേതാക്കളുമായും രണ്‍വീര്‍ ആശയവിനിമയം നടത്തി. താന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ധുരന്ധര്‍ 2 ആഗോള ബോക്സ് ഓഫീസില്‍ 1500 കോടിയും കടന്ന് മുന്നേറുന്നതിനിടെയാണ് രണ്‍വീറിന്‍റെ നാഗ്പൂര്‍ സന്ദര്‍ശനം. ഇക്കാരണത്താല്‍ത്തന്നെ ഇത് കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടുന്നുണ്ട്.
നിര്‍മ്മാതാക്കളായ ജിയോ സ്റ്റുഡിയോസ് ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ധുരന്ധര്‍ 2 ഇതിനകം നേടിയത് 1680 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 1276 കോടി ഗ്രോസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തിയ ധുരന്ധറിന്‍റെ രണ്ടാം ഭാഗമാണ് ധുരന്ധര്‍ 2. ആദ്യ ഭാഗം നേടിയ വന്‍ വിജയത്തിന് പിന്നാലെ വെറും മൂന്ന് മാസത്തെ ഇടവേളയിലാണ് സീക്വല്‍ തിയറ്ററുകളില്‍ എത്തിയത്. വന്‍ വിജയം നേടിയ ധുരന്ധറിന്‍റെ സീക്വല്‍ ആയതിനാല്‍ രാജ്യമൊട്ടുക്കും ധുരന്ധര്‍ 2 നായി കാത്തിരിപ്പ് ഉണ്ടായിരുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ചിത്രം മികച്ച കളക്ഷനാണ് നേടിയത്. അതേസമയം ചിത്രം പ്രൊപ്പഗണ്ടയാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.



