കഴിഞ്ഞ ദിവസം വേടന്റെ ആദ്യത്തെ പ്രണയ ആൽബം പുറത്തിറങ്ങിയിരുന്നു.
പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പുതിയ ഗാനത്തിന്റെ ടീസർ പുറത്തുവിട്ട് റാപ്പർ വേടൻ. 'തെരുവിന്റെ മോൻ' എന്നാണ് ആൽബത്തിന്റെ പേര്. 'കരയല്ലേ നെഞ്ചെ കരയല്ലേ..ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ..' എന്ന ഭാഗം മാത്രമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ചാണ് വേടൻ പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ ദിവസം വേടന്റെ ആദ്യത്തെ പ്രണയ ആൽബം പുറത്തിറങ്ങിയിരുന്നു. 'മോണോലോവ' എന്നാണ് ഗാനത്തിന്റെ പേര്. സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. മുൻ ഗാനങ്ങളെ പോലെ തന്നെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് മോണോലോവ വേടൻ പുറത്തിറക്കിയത്. തനിക്ക് ഒരു പ്രണയമുണ്ടെന്നും അതുമായി ബന്ധപ്പെട്ടാണ് ഈ ആൽബം പുറത്തിറക്കിയതെന്നും വേടൻ പറഞ്ഞിരുന്നു.
'ഞാൻ ഒരു കലാകാരനാണ്. ഞാൻ എന്റെ കല ചെയ്യുന്നു. നിങ്ങളത് കേൾക്കുന്നു. എഴുതി പാടുക എന്നത് എന്റെ ജോലിയാണ്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നത് എന്റെ ജോലിയാണ്. ആ ജോലി ഞാൻ വൃത്തിയിൽ ചെയ്തിരിക്കും. മരിക്കുന്നത് വരെ', എന്നായിരുന്നു ജാമ്യത്തിലിറങ്ങിയ ശേഷം വേടൻ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് പുലിപ്പല്ല് കേസിൽ വേടന് ജാമ്യം ലഭിച്ചത്. കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. പെരുമ്പാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.


