സിനിമയിലെ തൊഴിൽ സമയത്തെക്കുറിച്ച് നടി രശ്മിക മന്ദാന പ്രതികരിച്ചു. താൻ അധികസമയം ജോലി ചെയ്യാറുണ്ടെങ്കിലും, അഭിനേതാക്കളടക്കം എല്ലാവർക്കും കൃത്യമായ തൊഴിൽ സമയം വേണമെന്ന് അവർ ആവശ്യപ്പെട്ടു.
സിനിമയിലെ തൊഴിൽ സമയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രശ്‌മിക മന്ദാന. താൻ അധിക സമയം തൊഴിലെടുക്കുന്ന ആളാണെന്നും, എന്നാൽ അഭിനേതാക്കളെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കരുത് എന്നാണ് താൻ പറയാറുള്ളതെന്നും രശ്‌മിക പറയുന്നു. അടുത്തിടെ ജോലി സംബന്ധമായ സമയത്തെ ചൊല്ലി ദീപിക പദുകോൺ തന്റെ നിലപാട് അറിയിച്ചിരുന്നു. എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ലെന്ന നിലപാടിന്റെ പുറത്താണ് കൽക്കി എന്ന സിനിമയിൽ നിന്നും ദീപിക പുറത്തായതെന്ന് വലിയ ചർച്ചകൾ രൂപപ്പെട്ടിരുന്നു.
"ഞാന്‍ അധികം ജോലി ചെയ്യാറുണ്ട്. ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഏറ്റെടുക്കുന്നു. ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ല എന്ന് എന്റെ ടീമംഗങ്ങളോട് പറയുന്ന ആളല്ല ഞാന്‍. അവര്‍ പ്രയാസം അനുഭവിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുമ്പോള്‍, ലൊക്കേഷന്‍ ഇപ്പോള്‍ മാത്രമേ കിട്ടുകയുള്ളൂ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം ഷൂട്ട് ചെയ്യേണ്ടതുണ്ട് എന്നെല്ലാം അവര്‍ പറയുമ്പോള്‍ ഞാന്‍ അത് കേള്‍ക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും." രശ്‌മിക പറയുന്നു.
'ഞങ്ങള്‍ക്ക് കുടുംബജീവിതത്തില്‍ കൂടി ശ്രദ്ധകൊടുക്കേണ്ടതുണ്ട്'
"എങ്കിലും അഭിനേതാക്കളെ കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കരുത് എന്നാണ് ഞാൻ പറയാറ്. അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്‍മാര്‍, സംഗീതം അങ്ങനെ എല്ലാവര്‍ക്കും 9 മണി മുതല്‍ ആറ് മണി വരെ, അല്ലെങ്കില്‍ അഞ്ച് മണി വരെ ഞങ്ങള്‍ക്ക് ഒരു സമയം അനുവദിക്കുക. കാരണം ഞങ്ങള്‍ക്ക് കുടുംബജീവിതത്തില്‍ കൂടി ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തില്‍ ആരോഗ്യവും ഫിറ്റ്‌നസും ഉള്ളയാളായിരുന്നെങ്കില്‍ എന്ന് ഞാന്‍ പിന്നീട് ഖേദിക്കരുത്." ഗുൽടെ പ്രോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രശ്‌മികയുടെ പ്രതികരണം.
നേരത്തെ ദീപികയ്ക്ക് പിന്തുണയുമായി കൊങ്കണ സെൻ ശർമയും രംഗത്തെത്തിരുന്നു. സിനിമാ ഇൻഡസ്ട്രിയിൽ ചില നിയമങ്ങൾ വേണമെന്ന് ഞാൻ കരുതുന്നു. നമുക്ക് 14-15 മണിക്കൂർ ജോലി ചെയ്യാൻ സാധിക്കില്ല. നമുക്ക് 12 മണിക്കൂർ ടേൺഎറൗണ്ട് ഉണ്ടായിരിക്കണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവധി ലഭിക്കണം. പ്രത്യേകിച്ച് സാങ്കേതിക പ്രവർത്തകർക്ക്. അത് തുല്യമായിരിക്കണം. പുരുഷ അഭിനേതാക്കൾ വൈകി വരികയും, വൈകി ജോലി ചെയ്യുകയും, സ്ത്രീകൾ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവാൻ പാടില്ല." എന്നായിരുന്നു കൊങ്കണയുടെ പ്രതികരണം.



