മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ചതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം.

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോവെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടിയും രംഗത്ത് എത്തിയിരുന്നു.  മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവൂ, വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. ഇത് കേരളമാണ്. എല്ലാ ജനാധിപത്യ വാദികളും പ്രതിഷേധിക്കണമെന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്. മിന്നൽ മുരളി എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. ലോക്ക് ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവർത്തകരെത്തി സെറ്റ് പൊളിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്‍തിരുന്നു.