സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും പ്രതിഫലം 25 കോടി; വേറിട്ട കരാറുമായി ആ തെലുങ്ക് നായകന്‍
മിസ്റ്റര്‍ ബച്ചന്‍ ആണ് അദ്ദേഹത്തിന്‍റെ പുതിയ ചിത്രം
തെന്നിന്ത്യന്‍ സിനിമ അതിന്‍റെ മാര്‍ക്കറ്റ് വിപുലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ബോളിവുഡിനെപ്പോലും കളക്ഷനില്‍ പിന്നിലാക്കിക്കൊണ്ട് തെലുങ്ക് സിനിമയാണ് ആ കുതിപ്പിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. കളക്ഷനില്‍ ഉണ്ടാവുന്ന വര്‍ധന തെലുങ്ക് സിനിമയിലെ നായക താരങ്ങളുടെ പ്രതിഫലത്തിലും കാര്യമായ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാള്‍ പ്രഭാസ് ആണ്. ഇപ്പോഴിതാ തെലുങ്കിലെ മറ്റൊരു താരത്തിന്‍റെ പ്രതിഫല കരാര്‍ ചര്‍ച്ചയാവുകയാണ്.
രവി തേജയാണ് അത്. മുന്‍നിര താരമായ രവി തേജ പ്രമുഖ നിര്‍മ്മാണ കമ്പനിയായ പീപ്പിള്‍ മീഡിയ ഫാക്ടറിയുമായി നാല് സിനിമകളുടെ കരാര്‍ ആണ് ഒപ്പിട്ടിരുന്നത്. ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഇതിനകം പുറത്തെത്തി. മൂന്നാമത്തെ ചിത്രം പുറത്തെത്താനിരിക്കുന്നു. ധമാക്ക, ഈഗിള്‍ എന്നിവയാണ് പുറത്തെത്തിയ ചിത്രങ്ങള്‍. മിസ്റ്റര്‍ ബച്ചന്‍ ആണ് അക്കൂട്ടത്തിലെ അടുത്ത റിലീസ്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുമായി ഇത്തരത്തിലൊരു കരാര്‍ രവി തേജ ഒപ്പിടുമ്പോള്‍ തെലുങ്ക് സിനിമയില്‍ അത് പുതുമയായിരുന്നു. ബോളിവുഡിലെ കോര്‍പ്പറേറ്റ് രീതിയാണ് ഇത്.
നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഇത് ലാഭകരവുമാണ്. താരത്തിന്‍റെ പ്രതിഫലം വരും ചിത്രങ്ങള്‍ക്കായി മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നതിനാല്‍ ആ നിലയില്‍ നിര്‍മ്മാണ ചെലവിലും നിയന്ത്രണം വരുത്താനാവുന്നു എന്നതാണ് ഏറ്റവും പോസിറ്റീവ് ആയ ഘടകം. രവി തേജയും പീപ്പിള്‍ മീഡിയ ഫാക്ടറിയും തമ്മിലുള്ള കരാര്‍ പ്രകാരം 25 കോടിയാണ് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് നായകന് നല്‍കേണ്ടത്. അങ്ങനെ നാല് ചിത്രങ്ങള്‍ക്കായി 100 കോടി. രവി തേജയെ സംബന്ധിച്ചും ഈ കരാര്‍ ഗുണകരമാണ്. ആദ്യം വരുന്ന ചിത്രങ്ങള്‍ പരാജയപ്പെട്ടാലും പ്രതിഫലത്തില്‍ ഇടിവുണ്ടാവുന്നില്ല എന്നതാണ് അത്.
രവി തേജയുടെ മാസ് നായക പരിവേഷം ഉപയോഗപ്പെടുത്തി പരമാവധി ബോക്സ് ഓഫീസ് കളക്ഷന്‍ നേടാനാണ് ഈ ചിത്രങ്ങളിലൂടെ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നതും. അതേസമയം ഈ കരാര്‍ അനുസരിച്ചുള്ള നാലാമത്തെ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനായി മുന്‍നിര സംവിധായകരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. അതേസമയം ഓഗസ്റ്റ് 15 നാണ് മിസ്റ്റര്‍ ബച്ചന്‍ തിയറ്ററുകളില്‍ എത്തുക.
ALSO READ : 'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്