മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു (Rama Rao On Duty trailer). 

രവി തേജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമ റാവു ഓണ്‍ ഡ്യൂട്ടി'. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'രാമ റാവു ഓണ്‍' ഡ്യൂട്ടിയുടെ ട്രെയിലര്‍ പുറത്തുവിട്ടു (Rama Rao On Duty trailer).

ജൂലൈ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക. മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

സുധാകര്‍ ചെറുകുറി ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്. ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

'രാമറാവു ഓണ്‍ഡ്യൂട്ടി' ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ 'ബി രാമറാവു'വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തുക. നായകൻ രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമാകും. രവി തേജയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'രാമ റാവു ഓണ്‍ ഡ്യൂട്ടി'.

വിജയ് ദേവെരകൊണ്ടയുടെ 'ലൈഗര്‍', പുതിയ അപ്‍ഡേറ്റ്

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് 'ലൈഗര്‍'. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. 'ലൈഗര്‍' എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ 'ലൈഗര്‍' എന്ന ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റ് വന്നിരിക്കുകയാണ്.

'ലൈഗര്‍' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ജൂലൈ 21ന് പുറത്തുവിടുമെന്നതാണ് അപ്‍ഡേറ്റ് ചായക്കടക്കാരനായ വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രത്തിന്റേതായി നേരത്തെ പുറത്തുവിട്ടിരുന്നു. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം കൊവിഡ് കാരണായിരുന്നു പൂര്‍ത്തിയാകാൻ വൈകിയത്. ഇപോള്‍ 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ജോലികള്‍ പെട്ടെന്ന് പുരോഗമിച്ച് റിലീസ് ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രം 'ലൈഗര്‍' തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക.

Read More : മനോഹരമായ ഹോം ടൂറുമായി 'കുടുംബവിളക്ക് വേദിക'