Asianet News MalayalamAsianet News Malayalam

അര്‍ധരാത്രി 140 സ്പെഷല്‍ ഷോകള്‍! ജനപ്രീതിയില്‍ പുതിയ അധ്യായം കുറിച്ച് 'ആര്‍ഡിഎക്സ്'

ചിത്രത്തിന് ആദ്യ ദിനം തന്നെ ലഭിച്ച വന്‍ അഭിപ്രായം പെട്ടെന്ന് തന്നെ തിയറ്ററുകാര്‍ മനസിലാക്കി

rdx movie 140 late night shows on sunday shane nigam antony varghese neeraj madhav nsn
Author
First Published Aug 28, 2023, 10:51 AM IST

മലയാള സിനിമയുടെ ഫെസ്റ്റിവല്‍ സീസണുകളില്‍ പ്രധാനമാണ് ഓണം. എന്നാല്‍ സമീപകാലത്തൊന്നും ഇത്രയധികം ചിത്രങ്ങള്‍ ഓണത്തിന് ഒരുമിച്ച് എത്തിയിട്ടില്ല. ഓണത്തിന് രണ്ടാഴ്ച മുന്‍പ് തമിഴ് ചിത്രം ജയിലര്‍ എത്തിയത് ഓണം റിലീസുകള്‍ക്ക് ശരിക്കും ഗുണമായി. റെക്കോര്‍ഡ് കളക്ഷനുമായി കേരളത്തിലെ തിയറ്ററുകളില്‍ ഇപ്പോഴും തുടരുന്നുണ്ട് ജയിലര്‍. അതേസമയം മലയാള സിനിമയില്‍ ജനപ്രീതിയുടെ പുതിയൊരു അധ്യായം രചിക്കുകയാണ് ആര്‍ഡിഎക്സ് എന്ന ചിത്രം. ഓണം റിലീസ് ആയി ഓഗസ്റ്റ് 25 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം സമീപകാല മലയാള സിനിമയില്‍ ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ്.

മിന്നല്‍ മുരളി അടക്കം നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ എത്തുന്ന യുവതാരചിത്രം എന്ന നിലയില്‍ തിയറ്ററുകാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്ന ചിത്രം തന്നെയാണ് ആര്‍ഡിഎക്സ്. എന്നാല്‍ ഇത്രയും വലിയൊരു ജനപ്രീതി അവരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. ചിത്രത്തിന് ആദ്യ ദിനം തന്നെ ലഭിച്ച വന്‍ അഭിപ്രായം പെട്ടെന്ന് തന്നെ തിയറ്ററുകാര്‍ മനസിലാക്കി. ചെറിയ സ്ക്രീനുകളില്‍ നിന്ന് വലിയ സ്ക്രീനുകളിലേക്കും ഒപ്പം നിരവധി സ്പെഷല്‍ ഷോകളും ചിത്രത്തിന് പിന്നീടിങ്ങോട്ട് ലഭിച്ചു. 

 

ചിത്രം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവാണ് ഞായറാഴ്ച ദിവസം ചിത്രത്തിന് ലഭിച്ച സ്പെഷല്‍ ഷോകള്‍. അര്‍ധരാത്രി 12 മണിക്കും 12.30 നും ഒക്കെയായി കേരളത്തില്‍ അങ്ങോളമിങ്ങോളം 140 അധിക ഷോകളാണ് ചിത്രത്തിന് ഇന്നലെ ലഭിച്ചത്. ഇന്ന് ഉത്രാടം തൊട്ടുള്ള ഓണദിനങ്ങള്‍ ആയതിനാല്‍ തിയറ്ററുകളില്‍ ജനത്തിരക്കേറുമെന്നത് ഉറപ്പാണ്. ആര്‍ഡിഎക്സിന്‍റെ കളക്ഷനിലും വീക്കെന്‍ഡിലേതിന് സമാനമായ കുതിപ്പാണ് ഈ ദിവസങ്ങളിലും ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് സവിധാനം ചെയ്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ടൈറ്റില്‍ കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : മമ്മൂട്ടി ദുര്‍മന്ത്രവാദി? 'ഭ്രമയു​ഗം' ചിത്രീകരണം പുരോ​ഗമിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios