മകള്‍ ജനിച്ച സന്തോഷം പങ്കുവെച്ച് ചലച്ചിത്ര നടി റെബ.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, ‘ഫോറൻസിക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് റെബ മോണിക്ക ജോൺ. തമിഴിൽ വിജയ് ചിത്രം ‘ബിഗിലി’ലെ പ്രകടനത്തിലൂടെയും റെബ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ടെലിവിഷൻ ഷോയിലൂടെയാണ് റെബ ആദ്യമായി ലൈം ലൈറ്റിലേക്ക് എത്തുന്നത്. 2022 ലായിരുന്നു ജോമോൻ ജോസഫുമായി റെബയുടെ വിവാഹം. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തങ്ങൾക്ക് കുഞ്ഞ് പിറന്ന സന്തോഷമാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. ജൂലെ 22-ാം തീയതിയാണ് ഇവർക്ക് മകൾ ജനിച്ചത്. പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു വരികയായിരുന്നുവെന്നും അതിനാലാണ് ഈ സന്തോഷം അറിയിക്കാൻ വൈകിയതെന്നും റെബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
''ഹലോ വേൾഡ്, ഇതാ ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്.... കിയാര ജോസഫ്... ഞങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചമായി കടന്നുവന്ന ഞങ്ങളുടെ കുഞ്ഞ്... കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെ മനസിലാക്കിയും, ഞങ്ങളുടെ ഈ കുഞ്ഞുമാലാഖയെ അടുത്തറിഞ്ഞും, ഓരോ നിമിഷവും ആസ്വദിച്ചുമാണ് ഞങ്ങൾ കഴിഞ്ഞത്.
ഒരു ജീവനെ സ്വന്തം ശരീരത്തിനുള്ളിൽ വളർത്തിയെടുക്കാൻ ഒരു സ്ത്രീയുടെ ശരീരത്തിന് കഴിയുന്നു എന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്. കഴിഞ്ഞ ഒൻപതു മാസവും അവൾ എനിക്ക് സമ്മാനിച്ചത് സ്നേഹവും കരുതലും മാത്രമാണ്. ഇപ്പോൾ അവൾ ഞങ്ങളുടെ കൈകളിലെത്തി. ഇനി ഞങ്ങളുടെ കണ്ണുകളിലൂടെ ഈ ലോകം അവൾക്ക് കാണിച്ചുകൊടുക്കാനും, ഞങ്ങൾ മൂന്നുപേരും ചേർന്ന് ഒരുപാട് ഓർമകൾ സൃഷ്ടിക്കാനും ഞങ്ങൾ കാത്തിരിക്കുകയാണ്. ജീവിതത്തിന്റെ ഈ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന ഞങ്ങൾ മൂന്നുപേർക്കും നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഉണ്ടാകണം'', റെബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിനോദമേഖലയിൽ നിന്നുള്ളവരടക്കം നിരവധിയാളുകൾ ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.
