Asianet News Malayalam

മുടങ്ങിക്കിടക്കുന്നത് പതിനഞ്ചോളം സിനിമകള്‍; ബിഗ് റിലീസുകള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയേക്കും

റിലീസ് മുടങ്ങിയിരിക്കുന്നവയില്‍ പലതും ബിഗ് ബജറ്റ് സിനിമകളാണെന്നും അവയില്‍ പലതിന്‍റെയും റിലീസ് അടുത്ത വര്‍ഷത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നു.

release of fifteen malayalam films are uncertain because of covid lockdown
Author
Thiruvananthapuram, First Published Apr 24, 2020, 6:04 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് 19 ലോകമെമ്പാടുമുള്ള സിനിമാ വ്യവസായത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഹോളിവുഡും ബോളിവുഡും ഉള്‍പ്പെടെ ലോകത്തെ പ്രധാന സിനിമാ ഇന്‍ഡസ്ട്രികളൊക്കെ കൊവിഡ് ആഘാതത്തില്‍ നിന്നും കരകയറാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കുമെന്നാണ് സിനിമാമേഖലയില്‍ നിന്നുള്ളവര്‍ തന്നെ പറയുന്നത്. വിഷുവും ഈസ്റ്ററും വേനലവധിയുമെല്ലാം ചേര്‍ന്ന് വര്‍ഷത്തിലെ ഒരു പ്രധാന ആഘോഷസീസണാണ് മലയാളസിനിമയ്ക്കും നഷ്‍ടമായിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായതും കുറച്ച് പൂര്‍ത്തിയാവാനുള്ളതും പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞതുമായ പതിനഞ്ചോളം സിനിമകള്‍ മലയാളത്തില്‍ മുടങ്ങിക്കിടക്കുകയാണെന്ന് സംവിധായകനും ഫെഫ്‍ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്‍ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

"വളരെ മോശമാണ് സിനിമാ മേഖലയുടെ അവസ്ഥ. എന്ന് പുനരാരംഭിക്കുമെന്ന് ചോദിക്കുന്നവരോട് ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ. വരുന്നിടത്തുവച്ച് കാണാം എന്ന രീതിയില്‍ പോവുകയാണ് എല്ലാവരും. സമയവും കാര്യങ്ങളുമൊക്കെ അറിയാമെങ്കില്‍ ആ രീതിയില്‍ പ്ലാനിംഗ് എങ്കിലും നടത്താമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ അതൊന്നും പറ്റില്ലല്ലോ", ഉണ്ണികൃഷ്‍ണന്‍ പറയുന്നു.

റിലീസ് മുടങ്ങിയിരിക്കുന്നവയില്‍ പലതും ബിഗ് ബജറ്റ് സിനിമകളാണെന്നും അവയില്‍ പലതിന്‍റെയും റിലീസ് അടുത്ത വര്‍ഷത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നു. "അതില്‍ പലതും വലിയ പടങ്ങളാ. അതൊക്കെ ഉടനെ ഇറക്കാന്‍ പറ്റില്ല. ഓവര്‍സീസ് റൈറ്റ്സ് ഒക്കെ കറക്ട് ആവാതെയൊന്നും റിലീസ് ചെയ്യാന്‍ പറ്റില്ല. ലോകം മുഴുവനും കാണികള്‍ വരേണ്ട സിനിമകളാ അവയൊക്കെ. മരയ്ക്കാര്‍ അടക്കമുള്ള സിനിമകള്‍. ഈ വര്‍ഷം അത്തരം സിനിമകള്‍ക്ക് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. മരയ്ക്കാരിനൊക്കെ ഓവര്‍സീസ് കരാര്‍ ഇതിനോടകം ആയ സിനിമയാണ്. എങ്കിലും ആകെ ലഭിക്കേണ്ട തുകയുടെ ഒരു ഭാഗമല്ലേ വന്നുകാണൂ", ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നു. 

 

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ 'മരക്കാര്‍-അറബിക്കടലിന്‍റെ സിംഹം', ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാണ് സംവിധാനം ചെയ്‍ത 'വണ്‍', മഹേഷ് നാരായണന്‍റെ ഫഹദ് ഫാസില്‍ ചിത്രം 'മാലിക്', സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്‍ത ഹലാല്‍ ലവ് സ്റ്റോറി, ടൊവീനോയെ നായകനാക്കി ജിയോ ബേബി ഒരുക്കിയ കിലോമീറ്റേഴ്‍സ് ആന്‍ഡ് കിലോമീറ്റേഴ്‍സ് എന്നിവയാണ് കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അവധിക്കാല റിലീസ് മാറ്റേണ്ടിവന്ന പ്രധാന സിനിമകള്‍. 

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമാമേഖലയില്‍ വന്ന അനിശ്ചിതത്വം ഏറ്റവുമധികം ബാധിച്ചത് ഈ മേഖലയിലെ ദിവസവേതനക്കാരെയാണ്. ആയിരക്കണക്കിനുപേര്‍ തൊഴിലും വരുമാനവും മുടങ്ങിയതിന്‍റെ അനിശ്ചിതത്വത്തിലാണ്. ലോക്ക് ഡൗണ്‍ സഹായമെന്ന നിലയില്‍ 2800 തൊഴിലാളികള്‍ക്ക് ഫെഫ്‍ക 5000 രൂപ വീതം നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ സ്കൂള്‍ തുറപ്പിനോടനുബന്ധിച്ച് ജൂണ്‍ മാസത്തോടെ മറ്റൊരു സഹായം കൂടി നല്‍കണമെന്നാണ് സംഘടന കരുതുന്നതെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി പറയുന്നു.

Follow Us:
Download App:
  • android
  • ios