ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പിടിപെട്ട സൈനുദ്ദീൻ 1999 നവംബര്‍ 4ന് സിനിമാസ്വാദകരെയും സഹ പ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

"ഹലോ ഇവിടെ ഈ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ വീടേതാണ്..? ചെവി കേട്ടൂടെ ... എടോ ഈ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ വീടേതാണെന്ന്..?" ഹിറ്റ്ലര്‍(hitler) സിനിമയിലെ(movie) ഈ ​ഡയലോ​ഗും സത്യപാലനെയും ആരും മറന്നു കാണില്ല. തിരശ്ശീലയില്‍ നിന്ന് മറഞ്ഞ് അഭ്രപാളിയില്‍ എവിടെയോ മറഞ്ഞെങ്കിലും സൈനുദ്ദീൻ(A C Zainuddin) എന്ന നടന്റെ ഈ ഡയലോഗ് ഏതു സിനിമാ പ്രേക്ഷകന്റെയും മനസ്സില്‍ എല്ലാക്കാലത്തും ചിരിയുടെ മാലപ്പടക്കം തീര്‍ക്കാനായി ഉണ്ടാകും. പകരംവയ്ക്കാനില്ലാത്ത ആ നക്ഷത്രം മലയാളസിനിമയോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 22 വര്‍ഷം(death anniversary) തികയുകയാണ്. മിമിക്രി (mimics) വേദികളിലും സിനിമകളിലും തമാശയുടെ സ്വന്തം തട്ടകം തീർത്ത പ്രതിഭ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. 

1956 മെയ് 12ന് ഏറണാംകുളം ജില്ലയില്‍ ആണ് സൈനുദ്ദീന്‍ ജനിച്ചത്. ചെറുപ്പം മുതലെയുള്ള കലയോടുള്ള താല്പര്യം സൈനുദ്ദീനെ കൊച്ചിന്‍ കലാഭവനില്‍ എത്തിച്ചു. മിമിക്സ് വേദികളില്‍ നടന്‍ മധുവിന്റെ 'പരീക്കുട്ടി' എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ച് കയ്യടി നേടി. ഇത് തന്നെയായിരുന്ന സൈനുദ്ദീന്റെ തട്ടകത്തിലെ മാസ്റ്റർപീസും. 

ആദ്യത്തെ ത്രിമാന ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലൂടെയാണ് സൈനുദ്ദീൻ ക്യാമറക്ക് മുന്നിലെത്തുന്നത്. ചെറിയൊരു വേഷമായിരുന്നു അത്. കുട്ടിച്ചാത്തനില്‍ മൂന്ന് കുട്ടികളായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. ആ കുട്ടിക്ക് അച്ഛനുണ്ട്. അമ്മ മരിച്ചുപോയി. അച്ഛന്‍ നല്ലൊരു ചിത്രകാരനും മദ്യപിക്കുന്ന ആളുമാണ്. അച്ഛന്‍ മദ്യപിക്കാന്‍ പോകുന്ന ബാറില്‍ ധാരാളം മദ്യപന്മാര്‍ വരും. അച്ഛന്റെ മദ്യപാനം അവസാനിപ്പിക്കുവാനായി മകള്‍ക്കൊപ്പം വരുന്ന കുട്ടിച്ചാത്തന്‍ അവിടെയുണ്ടാക്കുന്ന പുകിലുകള്‍ ഈ സിനിമയുടെ പ്രധാനഭാഗമായിരുന്നു. അവിടെയുള്ള മദ്യപന്മാരും ജോലിക്കാരും അതില്‍ പങ്കാളികളാവും. അതിനായി ഒട്ടേറെ കലാകാരന്മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്കിടയിലാണ് സൈനുദ്ദീന്‍ വരുന്നത്. അങ്ങിനെ സൈനുദ്ദീന്‍ കുട്ടിച്ചാത്തനിലെ ബാര്‍ ജോലിക്കാരനായി ചിത്രത്തിലെത്തി.

'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിൽ സൈനുദ്ദീന് പറ്റിയ വേഷങ്ങൾ ഇല്ലാത്തതിനാൽ തിരക്കഥാകൃത്ത് രഘുനാഥ് പലേരി താരത്തെ അസിസ്റ്റന്റായി നിയമിച്ചു. അറിഞ്ഞോ അറിയാതെയോ വേഷമില്ലെന്ന് പറഞ്ഞ ഈ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഷൂട്ടിം​ഗ് കഴിഞ്ഞതോടെ സൈനുദ്ദീന് ചിത്രീകരണം കാണാന്‍ വന്ന മറ്റൊരു സംവിധാകന്റെ സിനിമയില്‍ വേഷം കിട്ടി. പിന്നെ വേഷങ്ങളോടു വേഷങ്ങളായി. സൈനുദ്ദീന്‍ മലയാളത്തിലെ അറിയപ്പെടുന്ന നടനായി മാറുകയായിരുന്നു. 

പി എ ബക്കറിന്റെ ചാപ്പ എന്ന സിനിമയിലൂടെ ആയിരുന്നു നടൻ മുഴുനീള കഥാപാത്രമായത്. പിന്നീട് സയാമീസ് ഇരട്ടകള്‍, മിമിക്സ് പരേഡ്, ഹിറ്റ്ലര്‍, കാബൂളിവാല, കാസര്‍ഗോഡ് കാദര്‍ഭായി, ആലഞ്ചേരി തമ്ബ്രാക്കള്‍, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത അങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാ​ഗമായി. ഏകദേശം 150ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

സൈനുദ്ദീൻ അവതരിപ്പിച്ച പല കഥാപാത്രങ്ങളും ജനഹൃദയങ്ങളില്‍ ഇടം നേടിയവ ആയിരുന്നു. കോമഡി ആയാലും സ്വഭാവ കഥാപാത്രങ്ങളായിരുന്നാലും അദ്ദേഹം തന്മയത്വത്തോടെ അവതരിപ്പിച്ചു. എന്നാൽ തന്നെയും സൈനുദ്ദീന് വേണ്ടത്ര പരി​ഗണന സിനിമയിൽ ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. 

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പിടിപെട്ട സൈനുദ്ദീൻ 1999 നവംബര്‍ 4ന് സിനിമാസ്വാദകരെയും സഹ പ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തിന്റെ വിയോ​ഗത്തോടെ മലയാള സിനിമയ്ക്കുണ്ടായ വിടവ് വളരെ വലുതാണ്. പഞ്ചപാണ്ഡവർ ആയിരുന്നു സൈനുദ്ദീൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.

ഇപ്പോള്‍ സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദ്ദീന്‍ അഭിനയരംഗത്തു ശ്രദ്ധേയനായി മാറിയിരിക്കുകയാണ്. പറവ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധനേടിയ താരമാണ് സിനില്‍. നടന്‍ എന്നതിലുപരി മികച്ച മിമിക്രി കലാകാരന്‍ കൂടിയാണ് അദ്ദേഹം. നിരവധി സ്റ്റേജ് ഷോകളില്‍ ഒട്ടനവധി നടന്മാരുടെ ശബ്ദവും രൂപവും അനുകരിച്ച്‌ സിനിൽ ഇതിനോടകം കയ്യടിനേടി കഴിഞ്ഞു. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിയുടെ മറ്റൊരു ലോകത്തേക്ക് എത്തിച്ച സൈനുദ്ദീനെ, അദ്ദേഹത്തിന്റെ ഉറ്റവരെ പോലെ ഇന്നും മലയാളികൾ ഓർക്കുന്നു. 

YouTube video player