നാടിനെക്കുറിച്ച് എഴുതിയപ്പോഴാണ് ഈ കുട്ടനാട്ടുകാരന്റെ വരികള്‍പാട്ടെഴുത്തിന്റെ അമരത്തെത്തിയത്!

മലയാള പാട്ടെഴുത്തില്‍ പഴയ തലമുറയുടെ പിന്മുറക്കാരനായിരുന്നു ബീയാര്‍ പ്രസാദ്. ഗ്രാമ്യഭംഗിയും പദസമ്പത്തും ഇഴ ചേര്‍ത്തായിരുന്നു പ്രസാദിന്റെ പാട്ടുകളേറെയും പിറവി കൊണ്ടത്. കഥയും കഥകളിയും നാടകങ്ങളുമായി തുടങ്ങിയ പ്രസാദ്, ചുരുങ്ങിയ കാലം കൊണ്ടാണ് പാട്ടിന്റെ പാലാഴി തീര്‍ത്തത്. പെരിയാറിനെക്കുറിച്ച് വയലാറും നിളയെക്കുറിച്ച് ഒഎന്‍വിയും കല്ലായിപ്പുഴയെക്കുറിച്ച് യൂസഫി കേച്ചേരിയുമെല്ലാം പാട്ടെഴുതിയപ്പോള്‍ ബീയാര്‍പ്രസാദ് സ്വന്തമായൊരു പുഴ തന്നെ സൃഷ്ടിക്കുകയായിരുന്നു. അങ്ങനെ ഉത്ഭവിച്ചതാണ് കൂന്താലിപ്പുഴ!

കസവിന്റെ തട്ടമിട്ട്‌ വെള്ളിയരഞ്ഞാണമിട്ട്‌
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി

സിനിമയെതന്നെ നനച്ചുവളര്‍ത്തിയ പാട്ടുകളാണ് ആദ്യചിത്രത്തില്‍ തന്നെ പ്രസാദിന്റേതായി കേട്ടുതുടങ്ങിയത്. കൊതികൊണ്ട കിളികള്‍ഏറെ വന്ന് കൊത്തിയിട്ടും കിളികൊത്താ തേന്‍പഴമായി ബാക്കിയായ അബ്ദുവിന്റെ ആമിന!

ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
നീ കടം തന്നൊരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു
ഇക്കരെ ഞാനൊരാൾ നിഴലായ്
നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ...

നാടിനെക്കുറിച്ച് എഴുതിയപ്പോഴാണ് ഈ കുട്ടനാട്ടുകാരന്റെ വരികള്‍പാട്ടെഴുത്തിന്റെ അമരത്തെത്തിയത്!

കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം

മടവീഴ്ചയുണ്ടാകുമ്പോള്‍ മുട്ടോളം വെള്ളത്തിലാണ് പാട്ടെഴുത്തുകാരന്‍ പലകാലത്തും കുട്ടനാട്ടില്‍ ജീവിച്ചത്. എന്നാല്‍ കായലും പാടവും തമ്മിലൊരു അനുരാഗമുണ്ടെന്ന് കാവ്യാത്മകമായി കുറിച്ചിട്ടു അദ്ദേഹം. അവളെക്കണ്ടഞ്ചിപ്പോയ് മോഹപ്പാടമെന്ന് ഒരു മങ്കൊന്പുകാരനല്ലാതെ മറ്റാര്‍ക്കാണ് എഴുതാനാകുക..

തെളിമാനം തൊട്ടപ്പോൾ പാടം നീളേ
മുള നീട്ടും സ്വപ്നങ്ങൾ കുളിരണിയുന്നൂ
ചെളിമണ്ണിൽ തപ്പുമ്പോൾ താറാക്കൂട്ടം
വിളി പാറും പാട്ടുണ്ടേ കറുക വരമ്പിൽ

ഗ്രാമീണമായ എല്ലാ കഥാ പശ്ചാത്തലങ്ങളിലും പ്രസാദിന്റെ തൂലിക അത്രയേറെ നാടന്‍ വരികളെഴുതി. തോഴി നീ ഒരുക്കുന്നു ഒരു ദേവിയായെന്‍ ഗ്രാമത്തെ എന്ന് പാടിയുറപ്പിക്കാന്‍ ‍പ്രാസമൊത്ത എത്ര വരികള്‍..

പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും
ഇളനീർ പൊൻ തുടുപ്പിൽ നിറയും തേൻ തണുപ്പും
മുളയായ് പാടി എന്തോ പറയാൻ വെമ്പും ഈണം
മൺ വഴികളിൽ മണം തന്നിടറിയ മഴ
പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായ്

ഭാഷയായിരുന്നു കരുത്ത്. പദമായിരുന്നു സന്പത്ത്. വായനയായിരുന്നു പിന്‍ബലം. നളചരിതം ആട്ടക്കഥയിലെ ഹേമാമോദ സമ എന്ന സങ്കല്‍പ്പം പോലും പൊന്നോട്പൂവായ്...എന്നെഴുതി പാട്ടാക്കി ബീയാര്‍ പ്രസാദ്

പൊന്നോട് പൂവായ് ശംഖോട് നീരായ്
വണ്ടോട് തേനായ് നെഞ്ചോട് നേരായ്
വന്നു നീ കളഭമഴ തോരാതെ
കുളിരണിയുമെന്നിൽ തൊട്ടു സൂര്യൻ രോമാഞ്ചം

യാദൃശ്ചികമായാണ് പ്രസാദ് പാട്ടെഴുത്തുകാരനായത്. എഴുതിയ പാട്ടുകള്‍ നൂറില്‍ താഴെ മാത്രം. പക്ഷേ പാട്ടെഴുത്തില്‍ നൂറ് മാര്‍ക്ക്..

Read More : കവിയും ​ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു