വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതുന്ന ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്

തമിഴ് സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി പ്രതീക്ഷിക്കപ്പെട്ട ചിത്രമാണ് ജനനായകന്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന് കരുതപ്പെട്ട ചിത്രം. അതിനാല്‍ത്തന്നെ വന്‍ ഹൈപ്പും ലഭിച്ചു പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന്. എന്നാല്‍ പൊങ്കല്‍ റിലീസ് ആയി ഈ വര്‍ഷം ജനുവരിയില്‍ എത്തേണ്ടിയിരുന്ന ചിത്രം ഇതുവരെ തിയറ്ററുകളില്‍ എത്തിയിട്ടില്ല. ചിത്രം എന്ന് വരുമെന്ന് ഇനിയും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ എച്ച് വിനോദ് നടത്തിയ പ്രതികരണം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയറാമും ഉര്‍വ്വശിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് കോമഡി ക്രൈം ത്രില്ലര്‍ പരിമള ആന്‍ഡ് കോ എന്ന ചിത്രത്തിന്‍റെ ചെന്നൈയില്‍ നടന്ന പരിപാടിയില്‍ എച്ച് വിനോദും പങ്കെടുത്തിരുന്നു. അവിടെയാണ് ജനനായകന്‍റെ റിലീസ് എന്നുണ്ടാവുമെന്ന് വിനോദിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. അതിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- അത് ഞാന്‍ തീരുമാനിക്കുന്ന കാര്യമല്ല. നിങ്ങളോട് അത് സംബന്ധിച്ചുള്ള സത്യം പറയാനുള്ള ധൈര്യം പോലും എനിക്കില്ല. ഇനി എനിക്ക് അതിനുള്ള ധൈര്യം ഉണ്ടായാലും അത് പങ്കുവെക്കാനുള്ള ധൈര്യം നിങ്ങള്‍ക്ക് ഉണ്ടാവില്ല, വിനോദ് പറഞ്ഞു. ചിരിയോടെയാണ് വിനോദ് ഇത് പറഞ്ഞതെങ്കിലും ആരാധകരെ ഇത് വീണ്ടും സംശയത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.

സെന്‍സര്‍ പ്രശ്നങ്ങള്‍ കാരണമാണ് ജനുവരി 9 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ജനനായകന്‍റെ റിലീസ് മുടങ്ങിയത്. ചിത്രം മാര്‍ച്ച് മാസം ഒന്‍പതിന് സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയെന്നായിരുന്നു ഇതിനുള്ള വിശദീകരണം. ചിത്രം മെയ് മാസത്തില്‍ വരുമെന്ന് ആരാധകര്‍ക്കുണ്ടായിരുന്ന പ്രതീക്ഷയും ഇതോടെ വൃഥാവിലായി. ജൂണ്‍ 22 നാണ് വിജയ്‍യുടെ പിറന്നാള്‍. ഇതോടനുബന്ധിച്ച് ചിത്രത്തിന്‍റെ റിലീസ് ഉണ്ടായേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. പല തീയതികളും വച്ചുകൊണ്ട് ഫാന്‍ മേഡ് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായ ഒരു റിലീസ് തീയതി നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇനിയും പുറത്തുവിട്ടിട്ടില്ല. വിജയ് മുഖ്യമന്ത്രി ആയതോടെ റിലീസ് കുരുക്കി അഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming