16 വർഷത്തിന് ശേഷം വീണ്ടും! വൻ പ്രഖ്യാപനവുമായി രണ്‍ജി പണിക്കർ; സുരേഷ് ഗോപിക്കും മമ്മൂട്ടിക്കും പിന്നാലെ ഫഹദ്
ഫഹദ് ഫാസിലിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം
16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ സംവിധാനം ചെയ്യാന്‍ രണ്‍ജി പണിക്കര്‍. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. ഫഹദിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കൊപ്പമാണ് സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
ഷാജി കൈലാസിന്‍റെയും ജോഷിയുടെയുമൊക്കെ മാസ് നായക കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ നല്‍കിയ തിരക്കഥാകൃത്ത് എന്ന നിലയിലാണ് രണ്‍ജി പണിക്കര്‍ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം ആദ്യമായി അടയാളപ്പെടുത്തുന്നത്. തന്‍റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മിഷണറിന്‍റെ സീക്വലായ ഭരത് ചന്ദ്രന്‍ ഐപിഎസ് സംവിധാനം ചെയ്തുകൊണ്ട് 2005 ലാണ് അദ്ദേഹം സംവിധായകനായി അരങ്ങേറിയത്. 2008 ല്‍ മമ്മൂട്ടിയെ നായകനാക്കി രൗദ്രം എന്ന ചിത്രവും സംവിധാനം ചെയ്തു. അതേസമയം സമീപകാല മലയാള സിനിമയില്‍ നടന്‍ എന്ന നിലയിലും സജീവമാണ് അദ്ദേഹം.
അതേസമയം നിലവില്‍ വിവിധ ഭാഷാ സിനിമകളില്‍ സജീവമായി നില്‍ക്കുന്ന ഫഹദ് ഫാസില്‍ തന്നെ അത്രയേറെ ആവേശപ്പെടുത്തുന്ന ചിത്രങ്ങള്‍ മാത്രമാണ് മലയാളത്തില്‍ ഏറ്റെടുക്കുന്നത്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശമാണ് ഫഹദിന്‍റേതായി അവസാനം മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ചിത്രം മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്നു. പുഷ്പ 2, മാരീചന്‍, വേട്ടൈയന്‍, ഓടും കുതിര ചാടും കുതിര, ബൊഗെയ്ന്‍വില്ല, ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്നിങ്ങനെയാണ് വിവിധ ഭാഷകളില്‍ അദ്ദേഹത്തിന്‍റെ അപികമിംഗ് ലൈനപ്പ്.
ALSO READ : ജേക്സ് ബിജോയ്‍യുടെ സംഗീതം; 'അഡിയോസ് അമിഗോ'യിലെ ഗാനം എത്തി