റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ രണ്ട് മോഹൻലാൽ ചിത്രങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ തിയറ്ററുകളിൽ എത്തും.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന രണ്ട് മലയാള ചിത്രങ്ങളാണ് മലൈക്കോട്ടൈ വാലിബനും ബറോസും. മോഹൻലാൽ നായകനാകുന്ന ചിത്രങ്ങൾ എന്നതിന് തന്നെയാണ് അതിന് കാരണം. മലൈക്കോട്ടൈ വാലിബൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമ്പോൾ, മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം ആണ് ബറോസ്. ഇരുചിത്രങ്ങളും എന്ന് തിയറ്ററുകളിൽ എത്തും എന്ന ചർച്ചകളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ഇരു ചിത്രങ്ങളും ക്രിസ്മസ് റിലീസ് ആയി അടുത്തടുത്ത ദിവസങ്ങളിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ബറോസ് ക്രിസ്മസ് റിലീസ് ആയി തിയറ്റിൽ എത്തുമെന്ന് മോഹൻലാൽ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഡിസംബര്‍ 21ന് ചിത്രം തിയറ്ററിൽ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നു. ശ്രീധർ പിള്ളയുടെ ട്വീറ്റ് പ്രകാരം ഡിസംബർ 22ന് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്യും. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ രണ്ട് മോഹൻലാൽ ചിത്രങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ തിയറ്ററുകളിൽ എത്തും. അതായത്, ബറോസ് ഡിസംബർ 21നും വാലിബൻ ഡിസംബർ 22നും.
ഇതിനിടെ മലൈക്കോട്ടൈ വാലിബൻ ഈ വർഷം റിലീസ് ചെയ്യില്ലെന്നും 2024ൽ വിഷു റിലീസ് ആയി എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തായാലും ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ രണ്ട് ചിത്രങ്ങളും എന്ന് റിലീസ് ആകുമെന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് മോഹൻലാലിനൊപ്പം എത്തുന്ന മറ്റ് താരങ്ങൾ.
വെല്ലുവിളി നിറഞ്ഞതായിരിക്കും ഈ യാത്ര: 'ജയ് ഗണേഷി'നെ കുറിച്ച് രഞ്ജിത്ത് ശങ്കർ
ഈ വർഷം തന്നെ ബറോസ് റിലീസ് ചെയ്യുമെന്ന് നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു. പിന്നാലെ ക്രിസ്മസ് റിലീസ് ആയി സിനിമ പ്രദർശിപ്പിക്കുമെന്ന് മോഹൻലാൽ അറിയിച്ചത്. സിനിമയുടെ സ്പെഷ്യല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലന്‍റിലും ആയാണ് നടക്കുന്നതെന്നും മറ്റ് ജോലികൾ എല്ലാം പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും മോഹൻലാലിനൊപ്പം സിനിമയിൽ ഉണ്ടാകും. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകൾ.
