കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രം ‘മലൈക്കോട്ടൈ വാലിബനാ'യി കാത്തിരിക്കുകയാണ് മലയാള സിനിമാസ്വാദകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.

ചിത്രീകരണം ഈ മാസം 18ന് ആരംഭിക്കും എന്നാണ് വിവരം. രാജസ്ഥാനിലെ ജെയ് സാൽമീറിൽ ഒരുക്കിയ കൂറ്റൻ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിനായി മോഹൻലാൽ 18ന് ജോയിൻ ചെയ്യുമെന്നും ഇദ്ദേഹം പറയുന്നു. മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണം 2023ല്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് പ്രെഡിക്ഷനുകൾ. ഇക്കാര്യങ്ങൾക്ക് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്. 

Scroll to load tweet…

മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അതിഥി വേഷത്തിൽ കമൽ ഹാസനും ചിത്രത്തിൽ ഉണ്ടാകും. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പുറത്തുവരും. 

'മാളികപ്പുറം പോലെയോ അതിലുപരിയോ ശ്രദ്ധനേടുന്ന സിനിമയാകും'; 'പുഴ മുതല്‍ പുഴവരെ'യെ കുറിച്ച് രാമസിംഹൻ‌

അതേസമയം, രജനീകാന്ത് നായകനായി എത്തുന്ന ജയിലര്‍ എന്ന തമിഴ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.