'പ്രേമലു' എന്ന ചിത്രത്തിന് ശേഷം നസ്ലിനും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
കേരളത്തിന്റെ പ്രിയപ്പെട്ട ന്യൂജൻ കോമ്പോ നസ്ലിൻ- സംഗീത് പ്രതാപ് കോമ്പോ വീണ്ടും ഒന്നിക്കുന്നു. പ്രേമലുവിനു ശേഷം, ഇരുവരും ഒരുമിച്ച് എത്തുന്നത് മോളിവുഡ് ടൈംസ് എന്ന ചിത്രത്തിലൂടെ ആണെന്നാണ് റിപ്പോർട്ട്. സിനിമയ്ക്കുള്ളിലെ സിനിമയുമായി എത്തുന്ന ചിത്രം ആണ് ഇത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ് എന്ന സൂപ്പർഹിറ്റിന് ശേഷം അഭിനവ് സുന്ദർനായക് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ആഷിഖ് ഉസ്മാൻ ആണ് മോളിവുഡ് ടൈംസ് പ്രൊഡ്യൂസ് ചെയ്യുന്നത്. നസ്ലിൻ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക എന്ന ചിത്രവും, സംഗീത് കേന്ദ്ര കഥാപാത്രമായി എത്തിയ മോഹൻലാൽ ചിത്രം ഹൃദയപൂർവ്വവും തീയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറിയിരുന്നു. ഇതേ ഘട്ടത്തിലാണ് ഇരുവരും ഒന്നിക്കുകയാണ് എന്ന അനൗദ്യോഗികമായ വാർത്തയും പുറത്തുവരുന്നത്.
'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് മോളിവുഡ് ടൈംസ് എത്തുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിൽ, വിശ്വജിത്ത് ആണ് ക്യാമറ, മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ലയാളത്തിലെ മികച്ച സംവിധായകൻ, നായകൻ, നിർമ്മാതാവ്, ബാനർ എന്നീ നിലകളിൽ എല്ലാം വമ്പൻ ക്രൂ അണിനിരക്കുന്ന മോളിവുഡ് ടൈംസിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
അതേസമയം, ലോക 2 ദുല്‍ഖര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചാത്തന്‍റെ കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുക. ടൊവിനോ ആണ് ഈ കഥാപാത്രത്തിലെത്തുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ലോക, കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.



