ചിത്രത്തില്‍ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹന്‍ലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
മോഹൻലാൽ(Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധേടിയ ചിത്രമാണ് ‘ബറോസ്‘(Barroz). കൊവിഡ് കാരണം നിർത്തി വച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. നടൻ പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ബറോസില്‍ നിന്ന് പൃഥ്വിരാജ്(Prithviraj) പിന്മാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഏതാനും ഓണ്‍ലൈന്‍ മീഡിയകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലമാണ് ചിത്രത്തില്‍ നിന്നും പൃഥ്വി പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചിത്രത്തില്‍ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹന്‍ലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പൃഥ്വി. ശേഷം ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കുമെന്നുമാണ് വിവരം. ശാരീരികമായ മാറ്റങ്ങള്‍ വേണ്ടി വരുന്ന ചിത്രമായതിനാല്‍ ആടുജീവിതത്തിനായി കൂടുതല്‍ സമയം മാറ്റിവെക്കേണ്ടി വരുമെന്നും ഇതാണ് ‘ബറോസില്‍’ നിന്നും താരം പിന്മാറുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
Read Also: Barroz Promo Teaser : ആക്ഷൻ പറഞ്ഞ് സ്ക്രീനിലെത്തി മോഹന്‍ലാല്‍ ; 'ബറോസ്' പ്രൊമോ ടീസര്‍ പുറത്ത്
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.
