കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പ്രദേശവാസികള്‍ക്കുള്ള അഭിനന്ദനങ്ങളാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ വാളുകള്‍ മുഴുവനും. പൊലീസും അഗ്നിശമനസേനയുമൊക്കെ എത്തുന്നതിനു മുന്‍പ് അപകടം നടന്നയുടന്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കരിപ്പൂരുകാര്‍ക്കും രാത്രി വൈകി രക്തബാങ്കുകള്‍ക്കു മുന്നില്‍ വരി നിന്ന മറ്റുള്ളവര്‍ക്കുമൊക്കെ അഭിനന്ദനങ്ങള്‍ നേരുന്നതില്‍ സാധാരണക്കാരും സെലിബ്രിറ്റികളുമുണ്ട്. ഇപ്പോഴിതാ കൊവിഡും പെരുമഴയുമൊക്കെ നിലനില്‍ക്കെ അതൊന്നും ഓര്‍ക്കാതെ അപകടസമയത്ത് സഹായവുമായി ഓടിയെത്തിയവരെക്കുറിച്ചുള്ള തന്‍റെ വികാരം പങ്കിടുകയാണ് റസൂല്‍ പൂക്കുട്ടി.

"രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം ഓടിയെത്തിയവര്‍ക്ക് വലിയ അഭിവാദ്യം. വിമാനയാത്രികരില്‍ കൊവിഡ് രോഗികള്‍ ഉണ്ടാവാമെന്നും അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈനില്‍ കഴിയേണ്ടിവരുമെന്നുമൊക്കെ അറിഞ്ഞിട്ടും കരിപ്പൂരിലെ മനുഷ്യര്‍ രക്ഷാപ്രവര്‍ത്തനത്തിനായി തകര്‍ന്ന വിമാനത്തിനുള്ളിലേക്ക് ഓടിക്കയറി. സഹാനുഭൂതി എന്താണെന്നും സഹജീവികളോടുള്ള സ്നേഹം എന്താണെന്നും നിങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു", റസൂല്‍ പൂക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്നലെ രാത്രി 7.40ന് നടന്ന വിമാനാപകടത്തില്‍ 18 പേരാണ് മരണമടഞ്ഞത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്. 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്.