മകന്റെ ഉത്തരക്കടലാസ് പങ്കുവച്ച് രസകരമായ ഒരു നിരീക്ഷണം നടത്തുകയാണ് ഓസ്‍കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി. സ്വന്തം യുക്തിയില്‍ നിന്ന് മകൻ കണ്ടെത്തിയ ഉത്തരത്തിന് അധ്യാപകൻ മാര്‍ക്ക് നല്‍കാത്തതിനെയാണ് റസൂല്‍ പൂക്കുട്ടി വിമര്‍ശിക്കുന്നത്.

റസൂല്‍ പൂക്കുട്ടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

ഞാൻ മകന്റെ ഉത്തരപേപ്പർ നോക്കുകയായിരുന്നു. അതിൽ രണ്ട് ഉത്തരങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി. ആ രണ്ട് ഉത്തരങ്ങളും പുസ്‍തകത്തിൽ നിന്ന് കിട്ടിയ വിവരങ്ങളായിരുന്നില്ല. സ്വന്തം യുക്തിയില്‍നിന്നുള്ളതാണ്. ഒരു ചോദ്യം കോൺവെക്സ് കണ്ണാടികളെക്കുറിച്ചുള്ളതാണ്. മറ്റൊന്ന് ഭൂഗുരുത്വാകർഷണത്തെക്കുറിച്ചും. ഒന്നിൽ മുഴുവൻ മാർക്ക് കിട്ടിയെങ്കിലും രണ്ടാമത്തെ ഉത്തരം ഒട്ടും ദാക്ഷിണ്യമില്ലാതെ അധ്യാപകൻ വെട്ടിക്കളഞ്ഞു. അതിനൊപ്പം ഒരു അഭിപ്രായവും അദ്ദേഹം ഉത്തരക്കടലാസിൽ കുറിച്ചിരുന്നു. എനിക്ക് മനസിലാവുന്നില്ല, എന്താണ് നമ്മുടെ അധ്യാപകർ, കുണാൽ കർമ സഞ്ചരിച്ച എയർലൈൻസിന്റേതു പോലെ പെരുമാറുന്നത് എന്ന്!

ഭൂഗുരുത്വാകർഷണ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ ഉത്തരമാണ് അധ്യാപകൻ വെട്ടിക്കളഞ്ഞത്. മുകളിലേക്ക് പോകുന്നതൊക്കെ താഴേയ്ക്കു തന്നെ വരും എന്നായിരുന്നു റസൂൽ പൂക്കുട്ടിയുടെ മകൻ ഉത്തരമെഴുതിയത്. ആഹാ, ഗംഭീര സിദ്ധാന്തം എന്നായിരുന്നു അധ്യാപകൻ എഴുതിയ അഭിപ്രായം.

അധ്യാപകന്റെ പ്രവര്‍ത്തി കുനാൽ കർമയെ യാത്രയിൽ നിന്നു വിമാനക്കമ്പനി വിലക്കിയതിനു തുല്യമാണ് എന്നാണ് റസൂല്‍ പൂക്കുട്ടി പറയുന്നത്.

വിമാനത്തിൽ വച്ച്, മാധ്യമപ്രവർത്തകനായ അർണബ് ഗോസ്വാമിയെ ശല്യം ചെയ്തെന്നു ചൂണ്ടിക്കാണിച്ചായിരുന്നു വിമാനക്കമ്പനി കുനാൽ കർമയെ യാത്രയിൽ നിന്നു വിലക്കിയത്.