'എനിക്ക് സ്‌നേഹിക്കാന്‍ ഒരാള് വേണം. ഒരു കുട്ടി വേണം എന്ന ആഗ്രഹം ഒരുപാട് കാലമായി ഉണ്ടായിരുന്നു. അത് നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്ത കാലത്താണെന്ന് മാത്രം."
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളസിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ഭാഗമായതിലൂടെ രേവതി എപ്പോഴും മലയാളികളുടെ കണ്‍മുന്നിലുണ്ട്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസിലൂടെ അഭിനേത്രി എന്ന നിലയില്‍ തിരിച്ചുവരവിന് ഒരുങ്ങുന്ന രേവതി വ്യക്തിജീവിതത്തിലെ ഒരു പ്രധാന കാര്യത്തെക്കുറിച്ച് ആദ്യമായി തുറന്നുപറയുകയാണ്. മകളെക്കുറിച്ചാണ് അത്. താന്‍ കുട്ടിയെ ദത്തെടുക്കുകയായിരുന്നുവെന്നും അതല്ല സറോഗസി (വാടക ഗര്‍ഭധാരണം) ആയിരുന്നുവെന്നുമൊക്കെ പലരും പറയുന്നത് കേട്ടെന്നും എന്നാല്‍ അവള്‍ തന്റെ സ്വന്തം രക്തമാണെന്നും പറയുന്നു രേവതി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രേവതിയുടെ തുറന്നുപറച്ചില്‍. മഹി എന്നാണ് രേവതിയുടെ അഞ്ചര വയസ്സുകാരി മകളുടെ പേര്.
"എനിക്ക് സ്‌നേഹിക്കാന്‍ ഒരാള് വേണം. ഒരു കുട്ടി വേണം എന്ന ആഗ്രഹം ഒരുപാട് കാലമായി ഉണ്ടായിരുന്നു. അത് നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്ത കാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടെന്ന് തീരുമാനമെടുത്തു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം, ഇവള്‍ എന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടെ", രേവതി പറയുന്നു.
മകള്‍ക്കൊപ്പം സമയം ചിലവഴിക്കുകയാണ് ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നും പറയുന്നു രേവതി. "ഇപ്പോള്‍ എല്ലാ കാര്യങ്ങളും മഹിയുടെ കൂടെ ചെയ്യുന്നതാണ് സന്തോഷം. അവള്‍ക്ക് എന്ത് വേണമോ അതാണ് ഞാന്‍ ചെയ്യുന്നത്. എനിക്കും അവള്‍ക്കും കൂടി ട്രെക്കിംഗിന് പോണം, കാടിനുള്ളില്‍ ടെന്റ് കെട്ടി രാത്രി താമസിക്കണം, കടല് കാണാന്‍ പോണം.. അങ്ങനെ ചിന്തകള്‍ ഒരുപാടുണ്ട്. മഹിയുടെ ഓരോ പിറന്നാളും ഒരു അനാഥാലയത്തിലാണ് ഞങ്ങള്‍ ആഘോഷിക്കുന്നത്." അച്ഛനും അമ്മയും ഒപ്പമുള്ളതുകൊണ്ട് കുട്ടിയെ വളര്‍ത്തുന്നതിന്റെ സമ്മര്‍ദ്ദമില്ലെന്നും പറയുന്നു രേവതി.
അതേസമയം ആഷിക് അബു ചിത്രം വൈറസില്‍ ആരോഗ്യമന്ത്രിയുടെ റോളിലാണ് രേവതി എത്തുക. മൂന്ന് നാല് ദിവസത്തെ ഡേറ്റ് ആണ് ആഷിക് അബു ആദ്യം ആവശ്യപ്പെട്ടിരുന്നതെങ്കിലും ചിത്രീകരണം പതിനഞ്ച് ദിവസങ്ങള്‍ എടുത്താണ് പൂര്‍ത്തിയാക്കിയതെന്നും രേവതി.
(കടപ്പാട്: വനിത)
