ട്രേഡ് യൂണിയന്‍ ഉണ്ടാക്കണം 'അമ്മയിലെ' ഒരു വിഭാഗം നീക്കം നടത്തുന്നു; വെളിപ്പെടുത്തല്‍
നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു.
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രവർത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക് മാറ്റാൻ സഹായം ആവശ്യപ്പെട്ട് അമ്മയിലെ ഇരുപതോളം അംഗങ്ങൾ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്കയിൽ അഫിലിയേഷൻ വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഫെഫ്കയ്ക്ക് ഇത് സാധ്യമല്ല എന്ന കാര്യം അവരെ അറിയിച്ചതായും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു. തുടര്‍ന്ന് താര സംഘടനയായ അമ്മയില്‍ ചേരിതിരിവ് രൂക്ഷമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.
അമ്മ ചാരിറ്റബിള്‍ സോസേറ്റി ആക്ട് പ്രകാരം റജിസ്ട്രര്‍ ചെയ്ത സംഘടനയാണ്. അതില്‍ നിന്ന് ഒരു വിഭാഗം അതിനെ തൊഴിലാളി സംഘടനയായി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ പുറത്ത് എത്തുന്നത്. നേരത്തെ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ അടക്കം എക്സിക്യൂട്ടീവിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചിരുന്നു. എന്നാല്‍ ചില അംഗങ്ങള്‍ ഇതില്‍ എതിര്‍പ്പ് അറിയിച്ച് രംഗത്ത് എത്തിയിരുന്നു.
അതേ സമയം അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞു. അമ്മ ചാരിറ്റബിൾ പ്രസ്ഥാനമായി തന്നെ തുടരും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.
അതേ സമയം സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പേരുകൾ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയൻ എന്ന നിലയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഫെഫ്കക്ക് വിമർശനം ഉണ്ട്. പ്രധാന വിമർശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം.
ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങൾക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പന്ത്രണ്ടാം പേജിൽ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി. ഹേമ കമ്മറ്റി ഡബ്ല്യുസിസിയുമായി ഗ്രൂപ്പ് മീറ്റിംഗ് നടത്തി എന്ന് പറയുന്നു
എന്തുകൊണ്ട് മറ്റുള്ളവരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു.