ബെം​ഗളൂരു: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി റിയ ചക്രബർത്തി. സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ റിയ പറഞ്ഞു. താൻ തടഞ്ഞിരുന്നെങ്കെലും സുശാന്ത് അനുസരിച്ചില്ലെന്നാണ് വെളിപ്പെടുത്തൽ.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിയയുടെ തുറന്ന് പറച്ചിൽ.  സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാൻഡ ലഹരിമരുന്ന് ചോദിച്ച് റിയയ്ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുളുള്ള മറുപടി ആയാണ് സുശാന്തിന്‍റെ ലഹരി ഉപയോഗത്തെക്കുറിച്ച് റിയ വെളിപ്പെടുത്തിയത്. സുശാന്ത് സ്ഥിരമായി ഹാഷിഷ് ഉപയോഗിച്ചിരുന്നതായി മുൻ അംഗരക്ഷകനും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ലഹരിമരുന്ന് ഇടപാടുകാരൻ ഗൗരവ് ആര്യയുമായി താൻ നടത്തിയതെന്ന പേരിൽ പുറത്ത് വന്ന ചാറ്റുകൾ റിയ നിഷേധിച്ചു.

താൻ ഒരിക്കലും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല. സുശാന്തുമായി പിരിയാനുള്ള കാരണങ്ങളും അഭിമുഖത്തിലുണ്ട്. അവസാന ദിവസങ്ങളിൽ സുശാന്തിന് കടുത്ത വിഷാദ രോഗമുണ്ടായെന്നും അത് തന്നെയും ബാധിച്ചെന്നും റിയ പറഞ്ഞു. ഫ്ലാറ്റിൽ മനശാസ്ത്രഞ്ജനെ വിളിച്ച് വരുത്തി കൗൺസിലിംഗിന് വിധേയയാകാനുള്ള ശ്രമം സുശാന്ത് തടഞ്ഞു. മാത്രമല്ല സഹോദരി വരുന്നുണ്ടെന്നും തന്നോട് ഫ്ലാറ്റ് വിട്ട് പോവനും  ജൂൺ 8ന് സുശാന്ത് ആവശ്യപ്പെട്ടു. സുശാന്തിന്‍റെ ഈ പെരുമാറ്റം വേദനിപ്പിച്ചെന്ന് റിയ പറഞ്ഞു.

എല്ലാത്തിൽ നിന്നും ഇടവേളയെടുത്ത് കൂർഗിലേക്ക് താമസം മാറ്റാനായിരുന്നു സുശാന്തിന്‍റെ തീരുമാനം. ജൂൺ 9 ന് സുശാന്തിനെ വാട്സ് ആപ്പിൽ ബ്ലോക്ക് ചെയ്തെന്നും റിയ പറഞ്ഞു. സുശാന്തിനെ സാമ്പത്തിക നേട്ടത്തിനുപയോഗിച്ചെന്ന ആരോപണങ്ങളെല്ലാം റിയ നിഷേധിച്ചു. സഹ ഉടമകളായ മൂന്ന് കമ്പനികളിൽ ഒന്നിൽ നിന്നും വരുമാനം ഇല്ല.സുശാന്തിന്‍റെ അക്കൗണ്ടിൽ നിന്നും പണമൊന്നും തന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നും റിയ പറഞ്ഞു.