ഷക്കീലയുടെ ജീവിതം പറയുന്ന ഇന്ദ്രജിത്ത് ലങ്കേഷ് ചിത്രം ക്രിസ്‍മസ് റിലീസ് ആയി തീയേറ്ററുകളിലെത്തും. ബോളിവുഡ് താരം റിച്ച ഛദ്ദ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പേരും 'ഷക്കീല' എന്നു തന്നെയാണ്. ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പുതിയ പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു നിര്‍മ്മാതാക്കള്‍. ചുവന്ന സാരി ധരിച്ച് ഒരു കൈത്തോക്കുമായാണ് പോസ്റ്ററില്‍ നായികയുടെ നില്‍പ്പ്.

ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതമാണ് സിനിമ ആവിഷ്കരിക്കുന്നത്. ഒരു യാഥാസ്ഥിതിക മുസ്‍ലിം കുടുംബത്തില്‍ പിറന്ന ഷക്കീല 16-ാം വയസ്സിലാണ് സിനിമാജീവിതം ആരംഭിക്കുന്നത്. ഉപകഥാപാത്രങ്ങളിലൂടെ ആരംഭിച്ച് മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ ബി-മൂവികളുടെ മുഖമായി മാറിയ താരമാണ് ഷക്കീല. എന്നാല്‍ ഷക്കീലയെന്ന താരത്തിന്‍റെ ജനപ്രീതിക്കും പ്രതിച്ഛായയ്ക്കുമപ്പുറത്ത് അവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമാവും ഇതെന്നാണ് സംവിധായകന്‍റെ വാഗ്ദാനം.

 

സാമീസ് മാജിക് സിനിമ മോഷന്‍ പിക്ചര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സാമി നന്‍വാനി, സാഹില്‍ നന്‍വാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പങ്കജ് ത്രിപാഠി, എസ്‍തര്‍ നൊറോണ, ഷീവ റാണ എന്നിവര്‍ക്കൊപ്പം മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.