ലഹരിപ്പാർട്ടി വ്യാജ ആരോപണം, സുചിത്രക്ക് വിശ്വാസ്യതയില്ല, മുഖ്യമന്ത്രിയെ ഡബ്ല്യുസിസി വീണ്ടും കാണും: റിമ
തനിക്കെതിരായ ആരോപണം വാർത്തയായതിന് പിന്നിൽ പവർ ഗ്രൂപ്പിൻ്റെ ഇടപെടലുണ്ടോയെന്നത് മലയാളി സമൂഹം ചിന്തിച്ച് മനസിലാക്കട്ടേയെന്നും റിമ കല്ലിംഗൽ
തിരുവനന്തപുരം: ലഹരി പാർട്ടി നടത്തിയെന്നും ലഹരി മാഫിയ ബന്ധമുണ്ടെന്നും അടക്കമുള്ള പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി റിമ റിമ കല്ലിങ്കൽ. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അവരുടെ യൂട്യൂബിൽ അവർ പോസ്റ്റ് ചെയ്ത 30 മിനിറ്റ് വീഡിയോയിൽ തന്നെ കുറിച്ച് പറഞ്ഞ ഒരു മിനിറ്റ് ഭാഗമാണ് മലയാളത്തിൽ പ്രമുഖ മാധ്യമങ്ങൾ വാർത്തയാക്കിയതെന്ന് അവർ കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ആ നിലയിൽ വാർത്ത നൽകിയിട്ടില്ലെന്നതും അവർ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയിൽ പിണറായി വിജയനും മോഹൻലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിൻ്റെ കരിയർ തകർക്കാനാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയതെന്ന് അവർ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. എന്നാലത് വാർത്തയാക്കിയില്ല. ഇതിന് പിന്നിൽ പവർ ഗ്രൂപ്പുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങൾ മലയാളികൾ ചിന്തിക്കട്ടേയെന്നും റിമ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ ഇനി പ്രതീക്ഷ കോടതിയിലാണെന്നും അവർ പറഞ്ഞു. ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളെ കൃത്യമായ ദിശയിൽ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണും. ഇനി ഇത് ആവർത്തിക്കില്ല എന്നെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണം. മോഹൻലാലിന് ഉത്തരമില്ലെങ്കിൽ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാൻ ശ്രമിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങൾ പരാതി ഉന്നയിച്ചത് സർക്കാരിനെ വിശ്വസിച്ചാണ്, സർക്കാർ ഒപ്പമുണ്ടാകുമെന്ന് കരുതിയാണ്. എന്നിട്ട് വീണ്ടും പരാതി നൽകണമെന്ന് പറയുകയാണ് സർക്കാർ. ഞങ്ങൾ ഈ കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രിയെ വീണ്ടും കണ്ട് ശക്തമായി ഉന്നയിക്കുമെന്നും റിമ കല്ലിങ്കൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.